ടൊറന്റോ: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവിനെത്തുടര്‍ന്ന് യു.എസ് നഗരങ്ങളിലേക്കുള്ള നാല് സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് എയര്‍ കാനഡ. വരുന്ന വേനല്‍ക്കാലം മുതല്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്ന് എയര്‍ കാനഡ അറിയിച്ചു.
റദ്ദാക്കുന്ന റൂട്ടുകള്‍:
വന്‍കൂവര്‍ – നാഷ്വില്‍ (ടെന്നസി)
വന്‍കൂവര്‍ – റാലി-ഡര്‍ഹാം (നോര്‍ത്ത് കരോലിന)
ടൊറന്റോ – ചാര്‍ള്‍സ്റ്റണ്‍ (സൗത്ത് കരോലിന)
മണ്‍ട്രിയോള്‍ – സീറ്റില്‍ (വാഷിങ്ടണ്‍)

യാത്രക്കാരുടെ ആവശ്യകതയും യാത്രാരീതികളും കണക്കിലെടുത്ത് വിമാന സര്‍വീസുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് എയര്‍ കാനഡ വക്താവ് ഷോണ്‍ ഡേവിഡ്‌സണ്‍ വ്യക്തമാക്കി. അതേസമയം നാഷ്വില്‍, റാലി-ഡര്‍ഹാം, സീറ്റില്‍ എന്നിവിടങ്ങളിലേക്ക് കാനഡയിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ തുടരുമെങ്കിലും ചാര്‍ള്‍സ്റ്റണിലേക്കുള്ള സര്‍വീസിനെക്കുറിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
കാനഡയ്ക്കും അമേരിക്കയ്ക്കുമിടയിലുള്ള യാത്രക്കാരുടെ എണ്ണത്തില്‍ സമീപകാലത്തുണ്ടായ വന്‍ കുറവാണ് കമ്പനിയെ ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചത്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ (StatCan) കണക്കുകള്‍ പ്രകാരം 2024 ജൂലൈ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം അമേരിക്ക സന്ദര്‍ശിച്ച ശേഷം തിരിച്ചെത്തിയ കനേഡിയന്‍ നിവാസികളുടെ എണ്ണത്തില്‍ 25.6 ശതമാനം കുറവുണ്ടായിട്ടുണ്ട്.
പുതിയ റൂട്ടുകളും വികസന പദ്ധതികളും
ചില റൂട്ടുകള്‍ റദ്ദാക്കുമ്പോഴും പുതിയ സര്‍വീസുകള്‍ ആരംഭിക്കാനും എയര്‍ കാനഡ പദ്ധതിയിടുന്നുണ്ട്. വേനല്‍ക്കാല യാത്രക്കാരെ ലക്ഷ്യമിട്ട് താഴെ പറയുന്ന പുതിയ റൂട്ടുകള്‍ കമ്പനി പ്രഖ്യാപിച്ചു:
ടൊറന്റോ – ലൂയിസ്വില്‍ (കെന്റക്കി)
മണ്‍ട്രിയോള്‍ – ഇന്‍ഡ്യാനപൊളിസ് (ഇന്‍ഡ്യാന)
എഡ്മിന്റണ്‍ – ന്യൂആര്‍ക്ക് (ന്യൂ ജേഴ്സി)
കൂടാതെ, എഡ്മിന്റണ്‍ – സാന്‍ ഫ്രാന്‍സിസ്‌കോ റൂട്ടില്‍ വലിയ ‘എയര്‍ബസ് A220’ വിമാനം ഉപയോഗിച്ച് സര്‍വീസ് വിപുലീകരിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
യുണൈറ്റഡ് എയര്‍ലൈന്‍സുമായി സഹകരിച്ച് ഡെന്‍വറില്‍ നിന്ന് ഓട്ടവ, കെബെക് സിറ്റി എന്നിവിടങ്ങളിലേക്കും, ന്യൂആര്‍ക്കില്‍ നിന്ന് സെന്റ് ജോണ്‍സിലേക്കും പുതിയ സീസണല്‍ സര്‍വീസുകളും ആരംഭിക്കും. വാഷിങ്ടണ്‍ ഡി.സി – കെബെക് സിറ്റി, ഡെന്‍വര്‍ – വിനിപെഗ് സര്‍വീസുകള്‍ വിപുലീകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
