വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിച്ചേക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ ഫെബ്രുവരി 28ന് ആരംഭിച്ച സൈനിക നീക്കത്തിന്റെ കോഡ് നാമമായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ പരാമർശിച്ചുകൊണ്ടാണ് ട്രംപ് പുതിയ മുന്നറിയിപ്പ് നൽകിയത്.
‘നമുക്ക് മറ്റൊരു ചെറിയ എപ്പിക് ഫ്യൂറി കൂടി നടത്താം’ എന്നായിരുന്നു ഫ്ലോറിഡയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ട്രംപിന്റെ പ്രസ്താവന. യുഎസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ച് സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ട്രംപ് കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. സംഘർഷത്തിന് ദ്രുതഗതിയിൽ പരിഹാരം കാണണോ അതോ ക്രമേണ സംഘർഷം കുറച്ചുകൊണ്ടുവരണോ എന്ന കാര്യവും അദ്ദേഹം ഉന്നയിച്ചു.
നിലവിൽ സാമ്പത്തിക ഉപരോധങ്ങൾ ഉൾപ്പെടെയുള്ള നടപടികളിലൂടെ ഇറാനുമേൽ സമ്മർദം ശക്തമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. എന്നാൽ നയതന്ത്ര നീക്കങ്ങൾക്കൊപ്പം സൈനിക നടപടിയുടെ സാധ്യതയും നിലനിൽക്കുന്നത് മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

അതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെഷെസ്‌കിയാനും തമ്മിലുള്ള ചർച്ചകൾ അടുത്തയാഴ്ച മോസ്‌കോയിൽ നടക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഇറാൻ–റഷ്യ ബന്ധങ്ങളും നിലവിലെ പ്രാദേശിക സാഹചര്യങ്ങളും ചർച്ചകളിൽ പ്രധാന വിഷയങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമായതോടെ ആഗോള എണ്ണവില ബാരലിന് 116 ഡോളർ കടന്നു. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോള ഊർജവിപണിയെയും ഇന്ധനവിലയെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്നതും അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നതുമാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.
