റാസല്‍ഖൈമ: റാസല്‍ഖൈമയിലെ മുഴുവന്‍ പൊതു ബീച്ചുകളും താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. തീരപ്രദേശങ്ങളിലേക്ക് പോകരുതെന്ന് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റാസല്‍ഖൈമ പബ്ലിക് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റും റാസല്‍ഖൈമ പൊലീസും സംയുക്തമായാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ബീച്ചുകള്‍ ഉടനടി അടച്ചിടാനുള്ള ഉത്തരവ് അധികൃതര്‍ പുറത്തുവിട്ടത്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു അടിയന്തര തീരുമാനമെടുത്തതെന്നും എമിറേറ്റിലെ എല്ലാ പൊതു ബീച്ചുകള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും ഭരണകൂടം വ്യക്തമാക്കി.

സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ ബീച്ചുകള്‍ വീണ്ടും തുറക്കുന്ന തീയതി പ്രഖ്യാപിക്കുകയുള്ളൂ. അതുവരെ തീരദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ അറിയുന്നതിനായി ഔദ്യോഗിക സര്‍ക്കാര്‍ ചാനലുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സുരക്ഷാ മുന്‍കരുതലുകളോട് പൂര്‍ണ്ണമായി സഹകരിക്കുന്ന പൊതുജനങ്ങള്‍ക്ക് പൊലീസ് നന്ദി രേഖപ്പെടുത്തി.
