ആല്‍ബര്‍ട്ട: ആല്‍ബര്‍ട്ടയിലെ ‘കനേഡിയന്‍ ഫോഴ്സസ് ബേസ് വെയിന്റൈറ്റില്’ (CFB Wainwright) നടന്ന വന്‍ തീപിടുത്ത ദുരന്തത്തിന് പിന്നാലെ സഹായഹസ്തവുമായി അമേരിക്ക. ഗുരുതരമായി പൊള്ളലേറ്റ സൈനികരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാങ്കേതിക സഹായങ്ങളും വിഭവങ്ങളും നല്കാന് തയ്യാറാണെന്ന് കാനഡയിലെ യു.എസ് അംബാസഡര്‍ പീറ്റ് ഹോക്സ്ട്ര (Pete Hoekstra) ഔദ്യോഗികമായി അറിയിച്ചു.
ദുരന്തം നടന്ന് ഏകദേശം ഒരു ആഴ്ചയ്ക്ക് ശേഷമാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സഹായ വാഗ്ദാനം എത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സൈനികര്‍ക്ക് ആവശ്യമായ വിദഗ്ധ ചികിത്സയും സഹായങ്ങളും നല്കാന് അമേരിക്കന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് വെള്ളിപ്പറ്റാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പീറ്റ് ഹോക്സ്ട്ര വ്യക്തമാക്കി.

അമേരിക്കയുടെ ഈ പിന്തുണയ്ക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമായ പിയേര്‍ പൊളിയേവ് നന്ദി അറിയിച്ചു. അമേരിക്ക വാഗ്ദാനം ചെയ്്ത സഹായം ലഭ്യമാക്കുന്നതിനായി വിഷയം പ്രതിരോധ മന്ത്രിയുടെയും ആല്‍ബര്‍ട്ട സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊളിയേവ് വ്യക്തമാക്കി.
ഒക്ടോബര്‍ 17-നായിരുന്നു കാനഡയെ നടുക്കിയ ദുരന്തം. ബേസിലെ ആന്റി ഗ്രനേഡ് ലോഞ്ചിങ് റേഞ്ചില്‍ പരിശീലനം നടക്കുന്നതിനിടെ പടര്‍ന്ന തീ, ശക്തമായ കാറ്റില്‍ ഒരു കിലോമീറ്ററോളം ദൂരത്തേക്ക് ആളിപ്പടരുകയും സമീപത്ത് മറ്റ് പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സൈനികരെ വിഴുങ്ങുകയുമായിരുന്നു. അപകടത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ 27 പേര് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 13 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അതേസമയം, ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ കനേഡിയന്‍ മിലിട്ടറി മൂന്ന് വെവ്വേറെ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് എന്ന് പുറത്തുവരുമെന്ന കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല.
