ഓട്ടവ: നഗരത്തിന്റെ പുതിയ ഭരണസമിതിയെ നിശ്ചയിക്കുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ (തിങ്കളാഴ്ച) നടക്കും. മേയര്‍, സിറ്റി കൗണ്‍സിലര്‍മാര്‍, സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിമാര്‍ എന്നീ പദവികളിലേക്ക് ആകെ 181 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെ വിവിധ വാര്‍ഡുകളിലെ കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്താം.
വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പോളിങ് ബൂത്തുകള്‍ തിരിച്ചറിയാന്‍ വോട്ടര്‍ നോട്ടിഫിക്കേഷന്‍ ലെറ്ററിലെ (Voter Notification Letter) വിവരങ്ങളോ ottawa.ca/vote എന്ന വെബ്സൈറ്റിലെ ‘Where Do I Vote?’ ടൂളോ ഉപയോഗിക്കാം. അതേസമയം ആകെ വോട്ടര്‍മാരുടെ 10 ശതമാനത്തോളം പേര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.അഡ്വാന്‍സ് വോട്ടിങ് ദിനത്തില്‍ (ഒക്ടോബര്‍ 16) 59,093 വോട്ടുകളും, സ്‌പെഷ്യല്‍ അഡ്വാന്‍സ് വോട്ടിങില്‍ (ഒക്ടോബര്‍ 1-4) 27,553 വോട്ടുകളും രേഖപ്പെടുത്തി. തപാല്‍ മാര്‍ഗ്ഗം 2,957 വോട്ടുകളും ലഭിച്ചു. നഗരത്തില്‍ ആകെ 8,68,248 യോഗ്യരായ വോട്ടര്‍മാരുണ്ട്. (2022-ല്‍ 43.79% ആയിരുന്നു വോട്ടിങ് ശതമാനം).

മേയര്‍ പോരാട്ടം
- മേയര്‍ സ്ഥാനത്തേക്ക് 14 സ്ഥാനാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്.
- 2022-ല്‍ 51% വോട്ട് നേടി വിജയിച്ച നിലവിലെ മേയര്‍ മാര്‍ക്ക് സട്ട്ക്ലിഫ് (Mark Sutcliffe) രണ്ടാം ഊഴത്തിനായി മത്സരിക്കുന്നു.
- കിച്ചീസിപ്പി വാര്‍ഡിലെ മുന്‍ കൗണ്‍സിലര്‍ ജെഫ് ലീപ്പര്‍ (Jeff Leiper), വ്യവസായി അലക്‌സ് ലോസണ്‍ (Alex Lawson), സാമ്പത്തിക ശാസ്ത്രജ്ഞന്‍ നീല്‍ ശരവണമുത്തു (Neil Saravanamuttoo) എന്നിവരാണ് പ്രധാന എതിരാളികള്‍.
- മറ്റ് സ്ഥാനാര്‍ത്ഥികള്‍: ക്വീന്‍ ഡിവൈന്‍ പ്രിയ ആംബര്‍ ബക്ഷ്, സെഡ് ഷെബിബ്, ബെര്‍ണാര്‍ഡ് കോച്ച്മാന്‍, സൂരജ് ഹരീഷ്, ജിയോഫ് നിക്കോളാസ്, ജോഷ് റാക്ലിസ്, അലി ഷേവര്‍ഡ്, ജേക്കബ് സോളമന്‍, അംജദ് അലി സയ്യിദ്, പീറ്റര്‍ വെസ്റ്റവേ.
പുതിയ കൗണ്‍സിലര്‍മാര്‍ ഉറപ്പായ 2 വാര്‍ഡുകള്‍
- സ്റ്റിറ്റ്സ്വില്‍ (Stittsville): നിലവിലെ കൗണ്‍സിലര്‍ ഗ്ലെന്‍ ഗോവര്‍ മത്സരരംഗത്തില്ലാത്തതിനാല്‍ മേരി-ആഞ്ച്, കെവിന്‍ ഹുവാ, താനിയ ഹൈന്‍, പോള്‍ മീക്ക് ഉള്‍പ്പെടെ 9 പേര്‍ മത്സരരംഗത്തുണ്ട്.
- കിച്ചീസിപ്പി (Kitchissippi): നിലവിലെ കൗണ്‍സിലര്‍ ജെഫ് ലീപ്പര്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാല്‍, ജോആന്‍ ചിയാനെല്ലോ, സേവ്യര്‍ കോമര്‍ഫോര്‍ഡ്, ബ്രയാന്‍ ഇന്നസ്, സുഭീര്‍ ഉപ്പല്‍ എന്നീ 4 സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മാറ്റുരയ്ക്കുന്നു.
ശ്രദ്ധേയമായ കൗണ്‍സില്‍ പോരാട്ടങ്ങള്‍
- വെസ്റ്റ് കാര്‍ട്ടണ്‍-മാര്‍ച്ച്: കഴിഞ്ഞ തവണ 242 വോട്ടുകള്‍ക്ക് മാത്രം വിജയിച്ച ക്ലാര്ക് കെല്ലിയെ ക്രിസ്റ്റീന്‍ ഹാരിസണും ഡിലന്‍ നോസും നേരിടുന്നു.
- നോക്സ്ഡെയ്ല്‍-മെരിവെയ്ല്‍: നിലവിലെ കൗണ്‍സിലര്‍ ഷാന്‍ ഡിവൈനെതിരെ അന്നാ ഈലോ-താലും കോള്‍ ഫ്രേസര്‍ ജോണ്‍സും മത്സരിക്കുന്നു.
റിഡോ-വാനിയര്‍: നിലവിലെ കൗണ്‍സിലര്‍ സ്റ്റെഫാനി പ്ലാന്റെയെ കൂടാതെ ലൈറ ഇവാന്‍സ്, എറിക് സ്മിത്ത് തുടങ്ങി 6 പേര്‍ സ്ഥാനാര്‍ത്ഥികളായുണ്ട്.
- കനാറ്റ സൗത്ത്: അഞ്ചാം ഊഴം തേടുന്ന അലന്‍ ഹബ്ലിക്കെതിരെ എറിന്‍ കോഫിന്‍, മേഗന്‍ സ്ട്രാസ്ഡ്‌സ്-എസ്സന്‍ബര്‍ഗ്, സം ഭലേസര്‍ എന്നിവര്‍ മത്സരിക്കുന്നു.
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവര്‍
- മത്സരിക്കാന്‍ മറ്റ് സ്ഥാനാര്‍ത്ഥികളില്ലാത്തതിനാല്‍ രണ്ട് കൗണ്‍സിലര്‍മാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു: റൈലി ബ്രോക്കിംഗ്ടണ്‍ (റിവര്‍ വാര്‍ഡ്), ഡേവിഡ് ബ്രൗണ്‍ (റിഡോ-ജോക്ക്).
- ഓട്ടവ നഗരസഭാ സംയോജനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് കൗണ്‍സിലര്‍മാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത്.
- ഇതു കൂടാതെ 8 സ്‌കൂള്‍ ബോര്‍ഡ് സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ശമ്പള വിവരങ്ങള്‍
- ഓട്ടവ മേയറുടെ നിലവിലെ വാര്‍ഷിക ശമ്പളം: $2,13,921.
- ഒരു സിറ്റി കൗണ്‍സിലറുടെ വാര്‍ഷിക ശമ്പളം: $1,19,620.8.
സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിമാര്‍
- ഇംഗ്ലീഷ്, ഫ്രഞ്ച് പബ്ലിക്/കാത്തലിക് സ്‌കൂള്‍ ബോര്‍ഡുകളിലെ ട്രസ്റ്റിമാര്‍ക്കായി വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താം.
- പുതിയ നിയമപ്രകാരം ട്രസ്റ്റിമാരുടെ ഓണറേറിയം പരമാവധി $10,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
- എന്നാല്‍, പുതിയ ട്രസ്റ്റിമാര്‍ തിരഞ്ഞെടുക്കപ്പെട്ടാലും ഓട്ടവ-കാര്‍ട്ടണ്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് (OCDSB) സംസ്ഥാന സര്‍ക്കാരിന്റെ (Provincial Supervision) മേല്‍നോട്ടത്തില്‍ തന്നെ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി പോള്‍ കലാന്‍ഡ്ര വ്യക്തമാക്കിയിട്ടുണ്ട്.
