Sunday, October 25, 2026

ഇന്ത്യ- കാനഡ വ്യാപര കരാര്‍ ഉടന്‍; മോദിയുടെ സന്ദര്‍ശനത്തിന് മുന്‍പ് ഒപ്പുവെച്ചേക്കും

ഒട്ടാവ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസംബറിലെ കാനഡ സന്ദര്‍ശനത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണായക വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേശ് കെ. പട്‌നായിക് പ്രത്യാശ പ്രകടിപ്പിച്ചു. സിടിവി ക്വസ്റ്റ്യന്‍ പീരിയഡിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കരാറുമായി ബന്ധപ്പെട്ട പ്രധാന ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായെന്നും നിയമപരമായ ചില സാങ്കേതിക പരിശോധനകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അദ്ദേഹം അറിയിച്ചു. ഡിസംബര്‍ 11, 12 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദര്‍ശിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സ്ഥിരീകരിച്ചിട്ടുണ്ട്. മയാമിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് നരേന്ദ്ര മോദി കാനഡയിലെത്തുന്നത്.

കഴിഞ്ഞ നവംബറില്‍ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ കരാറിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ത്യ സന്ദര്‍ശിച്ചതും, തൊട്ടുപിന്നാലെ ഒക്ടോബറില്‍ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനിന്ദര്‍ സിദ്ധു, വിദേശകാര്യ മന്ത്രി അനിത ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നൂറോളം അംഗങ്ങളടങ്ങിയ വ്യാപാര പ്രതിനിധി സംഘം ഇന്ത്യയിലെത്തിയതും ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടി. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 70 ശതകോടി ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. 2025-ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 30.4 ശതകോടി ഡോളറിലെത്തിയിരുന്നു.

ഇന്ത്യന്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇറക്കുമതി തീരുവകളില്‍ മാറ്റം വരുത്തുമോ എന്ന ചോദ്യത്തിന്, വര്‍ധിച്ചുവരുന്ന ജനസംഖ്യയ്ക്കനുസരിച്ച് കാനഡയില്‍ നിന്നുള്ള പയറുവര്‍ഗ്ഗങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ ആവശ്യക്കാരുണ്ടാകുമെന്ന് ദിനേഷ് കെ. പട്‌നായിക് ചൂണ്ടിക്കാട്ടി. നിലവില്‍ കനേഡിയന്‍ ചെറുപയറിന് 10 ശതമാനവും മഞ്ഞപ്പയറിന് 30 ശതമാനവും ഇറക്കുമതി തീരുവ ഇന്ത്യ ചുമത്തുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി ‘താരിഫ് റേറ്റ് ക്വോട്ട’ (Tariff Rate Quota) സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യമാണ് നിലവില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിലൂടെ ഒരു നിശ്ചിത അളവ് വരെയുള്ള ഉല്‍പ്പന്നങ്ങള്‍ തീരുവയില്ലാതെ കാനഡയ്ക്ക് ഇന്ത്യയിലേക്ക് അയക്കാനാകും. ഈ ക്വോട്ടയ്ക്ക് മുകളില്‍ വരുന്ന അളവിന് മാത്രമായിരിക്കും തീരുവ ചുമത്തുക. ഇത് കനേഡിയന്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പാദനം മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും വിപണിയില്‍ സ്ഥിരത ഉറപ്പാക്കാനും സഹായിക്കും.

2023-ല്‍ സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വ്യാപാര ചര്‍ച്ചകളാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ ഇന്ത്യ തുടര്‍ച്ചയായി നിഷേധിച്ചിരുന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളല്‍ വീണിരുന്നു. എന്നാല്‍, അമേരിക്കയെ മാത്രം ആശ്രയിക്കാതെ കാനഡ വ്യാപാര ബന്ധങ്ങള്‍ വിപുലീകരിക്കാന്‍ ശ്രമിക്കുന്നതിലൂടെ നിലവിലെ സാഹചര്യം മെച്ചപ്പെടുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-നയതന്ത്ര ബന്ധം വീണ്ടും ശക്തമാകുകയും ചെയ്യുകയാണ്. കാനഡയിലെ സസ്‌കച്വാന്‍ പ്രവിശ്യയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഈ കരാര്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!