Sunday, October 25, 2026

ട്യൂഷന്‍ ഫീസ് കുതിച്ചുയരുന്നു: പ്രതിസന്ധിയിലായിP.E.I സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍

ഷാര്‍ലറ്റ്ടൗണ്‍: യൂണിവേഴ്‌സിറ്റി ഓഫ് പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡില്‍ (UPEI) വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനച്ചെലവുകള്‍ താങ്ങാനാവാതെ പ്രതിസന്ധിയില്‍. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക (CPI) പ്രകാരം, കാനഡയില്‍ ഇത്തവണ ട്യൂഷന്‍ ഫീസില്‍ ഏറ്റവും വലിയ വര്‍ധനയുണ്ടായത് പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡിലാണ് (4.9 ശതമാനം). ഇത് ദേശീയ ശരാശരിയായ 2.4 ശതമാനത്തിന്റെ ഇരട്ടിയിലധികമാണ്.

സെപ്റ്റംബറിലെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയ പ്രവിശ്യയും പി.ഇ.ഐ (5.7 ശതമാനം) ആണ്. ‘അടുത്ത അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സാധിക്കുമോ എന്ന് അറിയാത്ത അവസ്ഥയാണ്. വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്,’ യു.പി.ഇ.ഐ സ്റ്റുഡന്റ് യൂണിയന്‍ വൈസ് പ്രസിഡന്റ് (എക്‌സ്റ്റേണല്‍) അലീസ സോനോമുറ സിറിനോ പറഞ്ഞു. തുടര്‍ച്ചയായി മൂന്ന് വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ കനത്ത ഫീസ് വര്‍ധന നേരിടുകയാണെന്നും, ആഭ്യന്തര വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം 6.5 ശതമാനം വരെ ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സിറിനോ ചൂണ്ടിക്കാട്ടി. ഇത് താഴ്ന്ന-ഇടത്തരം വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഉന്നതവിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റുമെന്ന ആശങ്ക വിദ്യാര്‍ത്ഥി യൂണിയന്‍ പങ്കുവെക്കുന്നു.

വാടകയും ഭക്ഷണച്ചെലവും ട്യൂഷന്‍ ഫീസും കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നത് അവരുടെ പഠന സമയത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പ്രതിസന്ധിയും വിദേശ വിദ്യാര്‍ത്ഥികളുടെ കുറവും യൂണിവേഴ്‌സിറ്റി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് യു.പി.ഇ.ഐ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഫൈനാന്‍സ് വൈസ് പ്രസിഡന്റ് ടിം വാക്കര്‍ സി.ടി.വി ന്യൂസിനോട് വ്യക്തമാക്കി. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വന്‍ കുറവും ഉയര്‍ന്ന ചെലവുകളുമാണ് സര്‍വ്വകലാശാലയെ പ്രതിസന്ധിയിലാക്കിയത്.

ഫീസ് വര്‍ധന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമാണെങ്കിലും, സ്ഥാപനത്തിന്റെ ഗുണനിലവാരവും സാമ്പത്തിക ഭദ്രതയും നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 2024-ല്‍ ഫെഡറല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളെ തുടര്‍ന്ന് കാനഡയിലുടനീളം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. അറ്റ്‌ലാന്റിക് കാനഡയിലെ സര്‍വ്വകലാശാലകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ വന്നതിനുശേഷം അറ്റ്‌ലാന്റിക് അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റീസിന്റെ (AAU) കീഴിലുള്ള സ്ഥാപനങ്ങളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനം 48 ശതമാനത്തോളം കുറഞ്ഞതായി അസോസിയേഷന്‍ സി.ഇ.ഒ ആവ ത്സപാലേ (Ava Czapalay) വ്യക്തമാക്കി.

‘ഈ മേഖലയുടെ വികസനത്തിന് പുതിയ ആളുകള്‍ ഇങ്ങോട്ട് വരേണ്ടതുണ്ട്. അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായിരുന്നു അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍,’ എന്ന് ത്സപാലേ പറഞ്ഞു.മുന്നോട്ടുള്ള വഴി അറ്റ്‌ലാന്റിക് മേഖലയിലെ സര്‍വ്വകലാശാലകള്‍ക്ക് പ്രവിശ്യാ ഗ്രാന്റുകളും ട്യൂഷന്‍ ഫീസുകളുമാണ് പ്രധാന വരുമാന മാര്‍ഗ്ഗം. വിദേശ വിദ്യാര്‍ത്ഥികള്‍ സാധാരണ വിദ്യാര്‍ത്ഥികളേക്കാള്‍ രണ്ടിരട്ടിയിലധികം ഫീസ് നല്‍കുന്നവരാണ്. അതിനാല്‍ അറ്റ്‌ലാന്റിക് കാനഡയുടെ ജനസംഖ്യാ ഭൂപ്രകൃതിയും തൊഴില്‍ വിപണിയും പരിഗണിച്ച് ഫെഡറല്‍ സര്‍ക്കാര്‍ പ്രത്യേക പരിഹാരം കണ്ടെത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

ഫീസ് വര്‍ധന നിലനില്‍ക്കുമ്പോഴും പ്രദേശത്തെ മറ്റ് സര്‍വ്വകലാശാലകളെ അപേക്ഷിച്ച് യു.പി.ഇ.ഐയിലെ ഫീസ് നിരക്കുകള്‍ കുറവാണെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ അവകാശപ്പെടുന്നത്. പ്രവിശ്യാ തൊഴില്‍ ആസൂത്രണ വകുപ്പ് ഈ വിഷയം ഫെഡറല്‍ പങ്കാളികളുമായി ചര്‍ച്ച ചെയ്തുവരികയാണെന്ന് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അപ്രതീക്ഷിത ഫീസ് വര്‍ധന ഉണ്ടാകുന്നത് തടയാന്‍ പ്രവേശന സമയത്ത് തന്നെ ഓരോ അധ്യയന വര്‍ഷത്തിലെയും കൃത്യമായ ഫീസ് നിരക്കുകള്‍ നിശ്ചയിച്ച് മുന്‍കൂട്ടി അറിയിക്കുന്ന സുതാര്യമായ രീതി നടപ്പിലാക്കണമെന്നാണ് യു.പി.ഇ.ഐ സ്റ്റുഡന്റ് യൂണിയന്റെ പ്രധാന ആവശ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!