Tuesday, October 27, 2026

അര്‍ണബ് അതിതീവ്ര ചുഴലികാറ്റായി മാറി; ആന്ധ്രാപ്രദേശ്, യാനം, ഒഡീഷ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘അര്‍ണബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. നാളെ ഉച്ചയ്ക്ക് മുന്‍പായി കാറ്റ് ആന്ധ്രാപ്രദേശ് തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശ്, യാനം, ഒഡീഷ തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റിന്റെ സഞ്ചാരം. വിശാഖപട്ടണത്ത് നിന്ന് 260 കിലോമീറ്ററും കാക്കിനടയില്‍ നിന്ന് 380 കിലോമീറ്ററും അകലെയാണ് നിലവില്‍ ഇതിന്റെ സ്ഥാനം. അര്‍ണബ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ ആന്ധ്രാപ്രദേശിന്റെ തീരമേഖലകളില്‍ അതിശക്തമായ കാറ്റും മഴയും ആരംഭിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ആന്ധ്രാപ്രദേശിന്റെ തീരദേശ ജില്ലകളില്‍ നിന്ന് 5.70 ലക്ഷം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. സംസ്ഥാനത്തെ 16 ജില്ലകളെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മുന്‍കരുതലിന്റെ ഭാഗമായി 11 ജില്ലകളില്‍ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളെ വിന്യസിക്കുകയും 1,763 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

സുരക്ഷ മുന്‍നിര്‍ത്തി ആന്ധ്രാപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി 53 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. സര്‍വീസുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എയര്‍ലൈന്‍ സൈറ്റില്‍ കയറി വ്യക്തത വരുത്തിയ ശേഷം മാത്രം യാത്രയ്ക്കിറങ്ങാന്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഇന്ന് തെക്കന്‍ കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിലവില്‍ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!