ഓട്ടവ: കാനഡയിലെ ഫസ്റ്റ് നേഷന്‍സ് (തദ്ദേശീയ) സമൂഹങ്ങളുടെ വികസനത്തിനും സുരക്ഷയ്ക്കുമായി കോടികളുടെ സാമ്പത്തിക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടെ 2.5 ബില്യണ്‍ ഡോളറും, പോലീസ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി നാല് വര്‍ഷത്തിനിടെ 630 മില്യണ്‍ ഡോളറും ചെലവഴിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഫസ്റ്റ് നേഷന്‍സ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 21 വര്‍ഷത്തിന് ശേഷമാണ് കനേഡിയന്‍ പ്രധാനമന്ത്രിയും പ്രവിശ്യാ പ്രീമിയര്‍മാരും തദ്ദേശീയ നേതാക്കളും ഒത്തുചേര്‍ന്നത്.
ഫസ്റ്റ് നേഷന്‍സ് സമൂഹങ്ങളുമായുള്ള ബന്ധം പുതുക്കുന്നതിന്റെ ഭാഗമായി 1876-ലെ ചരിത്രപ്രസിദ്ധമായ ‘ഇന്ത്യന്‍ ആക്ട്’ പരിഷ്കരിക്കാനോ പൂര്‍ണമായി റദ്ദാക്കാനോ സര്‍ക്കാര്‍ തയ്യാറാണെന്ന് മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. തദ്ദേശീയര്‍ക്കായി പുതിയ വരുമാന പങ്കിടല്‍ സംവിധാനങ്ങള്‍ രൂപപ്പെടുത്താനും അവര്‍ക്കായി പ്രത്യേക സമ്പത്ത് നിധി (wealth fund) സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാനും ധനമന്ത്രിക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കേവലം പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതില്‍ മാത്രം രാജ്യതാല്പര്യം ഒതുങ്ങരുതെന്നും തദ്ദേശീയ സമൂഹങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും പൂര്‍ണമായി പരിഗണിക്കണമെന്നും അസംബ്ലി ഓഫ് ഫസ്റ്റ് നേഷന്‍സ് ദേശീയ മേധാവി സിന്‍ഡി വുഡ്ഹൗസ് നെപിനാക് ആവശ്യപ്പെട്ടു. പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കാലോചിതമായി പുനഃപരിശോധിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഉച്ചകോടിയില്‍ സമ്മിശ്ര പ്രതികരണമാണ് ഉയര്‍ന്നുവന്നത്. ഗൗരവമുള്ള വിഷയങ്ങള്‍ കൃത്യമായി ചര്‍ച്ച ചെയ്തില്ലെന്ന് ആരോപിച്ച് കാഹ്നവാക്കെ മൊഹാക് കൗണ്‍സില്‍ ഗ്രാന്‍ഡ് ചീഫ് കോഡി ഡിയാബോ യോഗം ബഹിഷ്കരിച്ചു. എന്നാല്‍, പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക നിക്ഷേപങ്ങളും സമ്പത്ത് നിധി രൂപീകരിക്കാനുള്ള തീരുമാനവും പ്രതീക്ഷ നല്‍കുന്നതാണെന്ന് അസംബ്ലി ഓഫ് ഫസ്റ്റ് നേഷന്‍സിന്റെ ഒന്റാരിയോ റീജിയണല്‍ ചീഫ് എബ്രഹാം ബെനഡിക്ട് അഭിപ്രായപ്പെട്ടു. യോഗം എല്ലാ വര്‍ഷവും നടത്തണമെന്ന തദ്ദേശീയ നേതാക്കളുടെ ആവശ്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും, അടുത്ത യോഗം രണ്ടു വര്‍ഷത്തിനു ശേഷം നടത്തുന്നതായിരിക്കും ഉചിതമെന്ന് കാര്‍ണി വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
