Tuesday, October 27, 2026

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: ബെന്‍സ് കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇടുന്നതില്‍ വീഴ്ച വരുത്തിയ ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി. എസ്.എച്ച്.ഒയും എസ്.ഐയും ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എസ്.എച്ച്.ഒ വിശ്വജിത്ത്, സി.ഐ ശ്യാം കുമാര്‍, ഗ്രേഡ് എസ്.ഐ മനോജ്, സി.പി.ഒ അരുണ്‍ജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

സംഭവത്തില്‍ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച ആഭ്യന്തരമന്ത്രി, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കുകയായിരുന്നു. ഇതിനിടെ എ.ഡി.ജി.പി പി. വിജയന്‍ അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു.

അതേസമയം, കേസില്‍ പ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. നരഹത്യാ കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ ചേരാനല്ലൂര്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ജഡ്ജിയുടെ മകനെ അനായാസം ജാമ്യത്തില്‍ വിട്ടയച്ചത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പൊലീസിന്റെ പ്രധാന വാദം.

കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ 17-കാരന്റെ പിതാവായ ജഡ്ജിയെ കമ്പനിപ്പടിയിലെ ഫ്‌ലാറ്റിലെത്തി പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു. എന്നാല്‍ തന്റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്നാണ് ജഡ്ജിയുടെ നിലപാട്. ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്റെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുമതി വാങ്ങി ജഡ്ജിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തും. അതിനിടെ, ഔദ്യോഗിക കാര്യത്തിനല്ലാതെ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ എത്തിയത് ജുഡീഷ്യറിക്ക് അപമാനമുണ്ടാക്കിയതായി വിലയിരുത്തലുണ്ട്. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഹൈക്കോടതി അച്ചടക്ക സമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!