Wednesday, October 28, 2026

ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 0.25% വര്‍ധിപ്പിക്കാന്‍ സാധ്യത

ഓട്ടവ: മൂന്ന് വര്‍ഷത്തിന് ശേഷം പലിശനിരക്ക് ഉയര്‍ത്താനൊരുങ്ങി ബാങ്ക് ഓഫ് കാനഡ. ബുധനാഴ്ച തങ്ങളുടെ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 2.5% ആക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ധനവില വര്‍ധനമൂലമുണ്ടാകുന്ന പണപ്പെരുപ്പം മറ്റ് മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയാനാണ് ബാങ്കിന്റെ ഈ നീക്കമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ഈ നിരക്ക് വര്‍ധന നടപ്പിലായാല്‍, 2023 പകുതിക്ക് ശേഷമുള്ള ബാങ്കിന്റെ ആദ്യ പലിശവര്‍ധനവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ആദ്യ നയപരമായ മാറ്റവുമായിരിക്കും ഇത്. നിരക്ക് വര്‍ധന ബാങ്ക് വായ്പാ നിരക്കുകളെയും ഭവന വായ്പാ (മോര്‍ട്ട്‌ഗേജ്) ചെലവുകളെയും കൂട്ടാനും സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും, വരും മാസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ നിന്ന് ഉണ്ടാകാനിടയുള്ള വിലക്കയറ്റ ഭീഷണിയെ പ്രതിരോധിക്കാന്‍ ഇത് അത്യാവശ്യമാണെന്ന് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു.

റോയിട്ടേഴ്‌സ് ഒക്ടോബര്‍ 21 മുതല്‍ 23 വരെ നടത്തിയ സര്‍വേയില്‍ 34 സാമ്പത്തിക വിദഗ്ധരില്‍ 19 പേരും നിരക്ക് 2.50% ആയി ഉയര്‍ത്തുമെന്ന് പ്രവചിച്ചു. മാര്‍ച്ചിന് മുമ്പ് ഒരു തവണ കൂടി നിരക്ക് കൂട്ടാന്‍ സാധ്യതയുണ്ടെന്നും ഭൂരിഭാഗം പേരും കരുതുന്നു.

സെപ്റ്റംബറില്‍ രാജ്യത്തെ വാര്‍ഷിക പണപ്പെരുപ്പം 3.1% ആയി ഉയര്‍ന്നിരുന്നു. ഇന്ധനവില വര്‍ദ്ധനവാണ് പ്രധാന കാരണം. എന്നാല്‍ വോളറ്റൈല്‍ ഘടകങ്ങള്‍ ഒഴിവാക്കിയുള്ള കോര്‍ പണപ്പെരുപ്പം ബാങ്കിന്റെ 1% മുതല്‍ 3% വരെയുള്ള ലക്ഷ്യത്തിന്റെ മധ്യബിന്ദുവായ 2% നും താഴെയാണ്.

സെപ്റ്റംബര്‍ ആരംഭത്തില്‍ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറിലെത്തിയപ്പോള്‍ ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം അസ്വസ്ഥനായിരുന്നു എന്ന് നാഷണല്‍ ബാങ്ക് ഓഫ് കാനഡയിലെ സാമ്പത്തിക വിദഗ്ധരായ ടെയ്‌ലര്‍ സ്ലീച്ചും ഈഥന്‍ കറിയും വ്യക്തമാക്കി. അതിനുശേഷം എണ്ണവിലയില്‍ 10% മുതല്‍ 20% വരെ കൂടുതല്‍ വര്‍ദ്ധനവുണ്ടായത് കേന്ദ്രബാങ്കിന്റെ ക്ഷമ നശിപ്പിച്ചിട്ടുണ്ടാകാമെന്ന് അവര്‍ നിരീക്ഷിക്കുന്നു. യുഎസ് താരിഫുകളെക്കുറിച്ചുള്ള ആശങ്കകളേക്കാള്‍ പണപ്പെരുപ്പത്തിനാണ് ബാങ്ക് ഓഫ് കാനഡ മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് മുമ്പ് നടന്ന ഐഎംഎഫ് (IMF) യോഗങ്ങളിലും ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായി ഉയരുന്നതിലെ ആശങ്ക മക്ലെം പ്രകടിപ്പിച്ചിരുന്നു. പണപ്പെരുപ്പം ലക്ഷ്യമിട്ട പരിധിയില്‍ നിര്‍ത്തുക എന്നതിനാണ് കേന്ദ്രബാങ്ക് മുന്‍ഗണന നല്‍കുന്നത്.

ഒക്ടോബര്‍ 28-ന് 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനക്ക് 77% സാധ്യതയാണ് മണി മാര്‍ക്കറ്റുകള്‍ നിലവില്‍ കണക്കാക്കുന്നത്.

ബുധനാഴ്ച രാവിലെ 9:45 ET (1345 GMT) ന് ബാങ്ക് ഓഫ് കാനഡ നയപരമായ തീരുമാനം പ്രഖ്യാപിക്കും. ഇതിനോടൊപ്പം പാദവാര്‍ഷിക മോണിറ്ററി പോളിസി റിപ്പോര്‍ട്ടും പുറത്തുവിടും. വരും വര്‍ഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനത്തില്‍ ബാങ്ക് വലിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ റിപ്പോര്‍ട്ടില്‍ ഈ വര്‍ഷം 2.5% ഉം അടുത്ത വര്‍ഷം 2% ഉം പണപ്പെരുപ്പമാണ് പ്രവചിച്ചിരുന്നത്.

അതേസമയം, യുഎസ് ഫെഡറല്‍ റിസര്‍വും ബുധനാഴ്ച തങ്ങളുടെ നയപരമായ തീരുമാനം പ്രഖ്യാപിക്കും. സെപ്റ്റംബറില്‍ നിരക്കുകള്‍ മാറ്റിയ ഫെഡറല്‍ റിസര്‍വ് ഇത്തവണ നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!