Thursday, October 29, 2026

കാനഡയെ യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുപ്പിക്കാൻ മാർക്ക് കാർണി; മോൺട്രിയലിൽ നിർണായക ഉച്ചകോടി

മോൺട്രിയൽ: കാനഡയെ യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുത്ത പങ്കാളിത്തത്തിലേക്ക് എത്തിക്കാനുള്ള നീക്കവുമായി പ്രധാനമന്ത്രി മാർക്ക് കാർണി. യൂറോപ്യൻ യൂണിയൻ നേതാക്കളെ മോൺട്രിയലിൽ സ്വീകരിച്ച അദ്ദേഹം, കാനഡയെ യൂണിയന്റെ അസോസിയേറ്റ് പങ്കാളിയാക്കാനുള്ള ആശയത്തിന് പിന്തുണ അറിയിച്ചു.

ബിസിനസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കവെ, കാനഡയും യൂറോപ്പും പൊതുവായ ലക്ഷ്യങ്ങളും ദൗത്യങ്ങളും പങ്കിടുന്നവരാണെന്ന് കാർണി വ്യക്തമാക്കി. കാനഡയെ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തി ഭാവിയിലേക്കുള്ള പുതിയ സഖ്യം രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനാണ് കഴിഞ്ഞ മാസം ഈ ആശയം മുന്നോട്ടുവച്ചത്. മോൺട്രിയലിൽ നടത്തിയ പ്രസംഗത്തിലും അവർ ഈ നിർദേശത്തിന് പിന്തുണ ആവർത്തിച്ചു. എന്നാൽ ഇത് പൂർണ അംഗത്വമല്ലെന്നും അസോസിയേഷൻ അടിസ്ഥാനത്തിലുള്ള പ്രത്യേക പങ്കാളിത്തമാണെന്നും അവർ വ്യക്തമാക്കി.

അതേസമയം, യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങൾക്കിടയിൽ ഈ നിർദേശത്തെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. പ്രത്യേകിച്ച് ജർമ്മനി ‘അസോസിയേറ്റ് മെമ്പർ’ എന്ന ഔദ്യോഗിക പദപ്രയോഗത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി സംയുക്ത പ്രസ്താവനയിൽ ഉപയോഗിച്ചിരുന്ന പദങ്ങൾ മാറ്റി ‘എവർ ക്ലോസർ അസോസിയേഷൻ’ എന്ന പ്രയോഗം ഉൾപ്പെടുത്തിയിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സംരക്ഷണവാദ വ്യാപാരനയങ്ങൾക്കിടയിൽ കാനഡയും യൂറോപ്പും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നതും ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമാണ്. വ്യാപാരം, നിക്ഷേപം, സുരക്ഷ, ആർട്ടിക് മേഖലയിലെ സഹകരണം, യുക്രെയ്‌നുള്ള പിന്തുണ തുടങ്ങിയ മേഖലകളിൽ കൂടുതൽ ഏകോപനമാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്.

ഇതിനിടെ, കനേഡിയൻ എഐ കമ്പനിയായ കോഹിയറിൽ 1.6 ബില്യൺ ഡോളറിന്റെ നിക്ഷേപവും കാർണി പ്രഖ്യാപിച്ചു.

എന്നാൽ ഈ നീക്കത്തിനെതിരെ കാനഡയിലെ പ്രതിപക്ഷ നേതാവ് പിയറി പോയിലിയേവ് രംഗത്തെത്തി. പ്രഖ്യാപനങ്ങളെ അദ്ദേഹം ‘അർത്ഥശൂന്യമായ പ്രഖ്യാപനങ്ങളുടെ തിയേറ്റർ’ എന്നാണ് വിശേഷിപ്പിച്ചത്.

കാനഡയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായത്തിന് വഴിയൊരുക്കുമോ ഈ നീക്കം എന്നതാണ് ഇപ്പോൾ അന്താരാഷ്ട്ര രാഷ്ട്രീയരംഗം ഉറ്റുനോക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!