Friday, October 30, 2026

കാനഡ റവന്യൂ ഏജന്‍സിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണി; 200-ലധികം ജീവനക്കാര്‍ക്ക് നോട്ടീസ്

ഓട്ടവ: തൊഴില്‍ പുനഃസംഘടനയുടെ ഭാഗമായി കാനഡ റെവന്യൂ ഏജന്‍സിയില്‍ 260-ഓളം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഓട്ടവയിലെ ആസ്ഥാനത്തെയും രാജ്യവ്യാപകമായുള്ള റീജണല്‍ ഓഫീസുകളിലെയും 735 എക്‌സിക്യൂട്ടീവ്, നോണ്‍-എക്‌സിക്യൂട്ടീവ് ജീവനക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

എന്നാല്‍, ഇതില്‍ 110 ജീവനക്കാര്‍ക്ക് തുടര്‍ തൊഴില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ ഏജന്‍സി വ്യക്തമാക്കി. കംപ്ലയന്‍സ് പോലുള്ള പ്രധാന മേഖലകളില്‍ പ്രവര്‍ത്തനം തടസ്സമില്ലാതെ തുടരുന്നതിനാണ് ഇവരെ നിലനിര്‍ത്തുന്നത്. പുനഃസംഘടന പൂര്‍ത്തിയാകുമ്പോള്‍ പരമാവധി 260 പേര്‍ സ്ഥാപനത്തില്‍ നിന്ന് പുറത്തുപോകേണ്ടി വരുമെന്നാണ് സിആര്‍എ കണക്കാക്കുന്നത്.

യൂണിയനുകളുടെ പ്രതികരണം:

യൂണിയന്‍ ഓഫ് ടാക്‌സേഷന്‍ എംപ്ലോയീസ് (UTE): തങ്ങളുടെ 534 അംഗങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് സംഘടന അറിയിച്ചു. അപ്പീല്‍സ്, അസസ്‌മെന്റ് ആന്റ് ബെനിഫിറ്റ്‌സ്, കമ്മീഷണേഴ്‌സ് ഓഫീസ്, ഹ്യൂമന്‍ റിസോഴ്‌സ്, കംപ്ലയന്‍സ് പ്രോഗ്രാംസ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഇത് ബാധിച്ചിരിക്കുന്നത്. കോവിഡ് കാലത്തെ അധിക ഫണ്ടുകളുടെ അവസാനവും ബജറ്റ് നിയന്ത്രണങ്ങളുമാണ് വെട്ടിക്കുറയ്ക്കലിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

പബ്ലിക് സര്‍വീസ് അലയന്‍സ് ഓഫ് കാനഡ (PSAC): ജോലി വെട്ടിക്കുറയ്ക്കുന്നത് സേവനങ്ങളില്‍ വലിയ കാലതാമസത്തിനും പ്രതിസന്ധികള്‍ക്കും കാരണമാകുമെന്ന് PSAC ദേശീയ പ്രസിഡന്റ് ഷാരോണ്‍ ഡിസൂസ മുന്നറിയിപ്പ് നല്‍കി. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് കാനഡയിലെ ജനങ്ങള്‍ക്ക് സിആര്‍എ സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ തടസ്സമുണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഏജന്‍സിയുടെ ചെലവുകള്‍ ചുരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. 2025 മാര്‍ച്ച് 31-ല്‍ 52,499 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് 2026 മാര്‍ച്ചോടെ ജീവനക്കാരുടെ എണ്ണം 48,774 ആയി കുറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.2 ബില്യണ്‍ ഡോളറിന്റെ ചെലവ് ചുരുക്കലാണ് ഏജന്‍സി ലക്ഷ്യമിടുന്നത്. മുന്‍പ് ഏപ്രില്‍ മാസത്തിലും ഫെഡറല്‍ ഫ്യുവല്‍ ചാര്‍ജ് പദ്ധതി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് 210-ഓളം തസ്തികകള്‍ വെട്ടിക്കുറച്ചിരുന്നു.

അതേസമയം, നിലവിലെ തൊഴില്‍ പുനഃസംഘടന കനേഡിയന്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെ ബാധിക്കില്ലെന്നും കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുപോകാന്‍ ഇത് സഹായിക്കുമെന്നുമാണ് കാനഡ റെവന്യൂ ഏജന്‍സിയുടെ നിലപാട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!