ഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് റഫാല്‍ മറൈന്‍ യുദ്ധവിമാനം വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ വിജയകരമായി പറന്നിറങ്ങി. ആദ്യമായാണ് ഒരു റഫാല്‍ വിമാനം ഇന്ത്യന്‍ വിമാനവാഹിനിക്കപ്പലില്‍ ലാന്‍ഡ് ചെയ്യുന്നത്. നാവികസേനയ്ക്കായി പ്രത്യേകം സജ്ജമാക്കിയ യുദ്ധവിമാനമാണ് ഇതിനായി ഉപയോഗിച്ചത്. ഐഎന്‍എസ് വിക്രാന്തിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ അശോക് റാവുവിന്റെ നേതൃത്വത്തില്‍ നടന്ന ഈ ചരിത്രപരമായ ലാന്‍ഡിംഗിന്റെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടിട്ടുണ്ട്.
നാവികസേനയുടെ ഭാഗമാക്കുന്നതിന് മുന്നോടിയായി, ഫ്രഞ്ച് നാവികസേനയുടെ റഫാല്‍ മറൈന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വിമാനവാഹിനിക്കപ്പലുകളില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കുന്നതില്‍ ഈ ലാന്‍ഡിംഗ് നിര്‍ണായക ചുവടുവെയ്പായി. ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളായ ഐഎന്‍എസ് വിക്രാന്തും ഐഎന്‍എസ് വിക്രമാദിത്യയും ‘ഷോര്‍ട്ട് ടേക്ക്-ഓഫ് ബട്ട് അറസ്റ്റഡ് റിക്കവറി’ (STOBAR) സംവിധാനമാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ തന്നെ ഈ പരീക്ഷണങ്ങള്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.

നാവികസേനയുടെ കരുത്ത് കൂട്ടുന്നതിനായി 26 റഫാല്‍ മറൈന്‍ വിമാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞവര്‍ഷം ഇന്ത്യ ഫ്രാന്‍സുമായി 64,000 കോടി രൂപയുടെ കരാറില്‍ ഒപ്പുവെച്ചിരുന്നു. 22 സിംഗിള്‍ സീറ്റ് യുദ്ധവിമാനങ്ങളും നാല് ട്വിന്‍ സീറ്റ് ട്രെയിനര്‍ വിമാനങ്ങളുമാണ് ഈ കരാറിലുള്ളത്. ഇതിന് പുറമെ ആവശ്യമായ ആയുധങ്ങള്‍, സിമുലേറ്ററുകള്‍, പരിശീലനം, അനുബന്ധ ഉപകരണങ്ങള്‍, ലോജിസ്റ്റിക്സ് പിന്തുണ എന്നിവയും കരാറിന്റെ ഭാഗമാണ്. 2030-ഓടെ വിമാനങ്ങളുടെ വിതരണം പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നത്.
