ടൊറന്റോ: വാക്സിനേഷനും കൃത്യമായ പരിശോധനാ സംവിധാനങ്ങളും ലഭ്യമായിട്ടും കാനഡയില്‍ 35-നും 54-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തടയാന്‍ സാധിക്കുന്ന ഈ രോഗത്തെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ കൃത്യമായ പരിശോധനകള്‍ നടത്തണമെന്നും വൈകിക്കരുതെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഈ വര്‍ഷം കാനഡയില്‍ 1,700 സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ സ്ഥിരീകരിക്കുമെന്നും 450 പേര് മരണപ്പെടുമെന്നുമാണ് കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
നേരത്തെയുള്ള പാപ് സ്മിയര്‍ (Pap smear) പരിശോധനകളിലൂടെ അര്‍ബുദത്തിന് മുന്നോടിയായുള്ള കോശമാറ്റങ്ങള്‍ കണ്ടെത്താനും, എച്ച്.പി.വി (HPV) വാക്സിനിലൂടെ അര്‍ബുദത്തിന് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമാവൈറസിനെ പ്രതിരോധിക്കാനും സാധിക്കും. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികത കണ്ടെത്തിയാല്‍ പോലും ഭയം കാരണം തുടര്‍പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും രോഗികള്‍ എത്താത്തതാണ് കേസുകള്‍ ഉയരാന്‍ പ്രധാന കാരണമായി ഒന്റാറിയോയിലെ ലേക്ഗ്രിഡ്ജ് ഹെല്‍ത്തിലെ ഗൈനക്കോളജിക് ഓങ്കോളജിസ്റ്റായ ഡോ. ജൂലി ആനി ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്നത്. അസ്വാഭാവിക ഫലം കാന്‍സറല്ലെന്നും, അത് രോഗം വരാതെ തടയാനുള്ള അവസരമാണെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. കൂടാതെ, എച്ച്.പി.വി വാക്സിനേഷനിലെ കുറവും ഫാമിലി ഡോക്ടര്‍മാരുടെ സേവനം പലര്‍ക്കും ലഭ്യമല്ലാത്തതും രോഗ നിര്‍ണയം വൈകാന്‍ ഇടയാക്കുന്നുണ്ട്.

തനിക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ട് ഷാനന് പെത്തിക്ക് എന്ന അതിജീവിതയും പരിശോധനകളുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു. 2010-ല്‍ 32-ാം വയസ്സില്‍ ശക്തമായ വേദനയും രക്തസ്രാവവും അവഗണിച്ച ഷാനന്, പിന്നീട് പാപ് സ്മിയര്‍ പരിശോധനയിലൂടെയാണ് അര്‍ബുദം സ്ഥിരീകരിച്ചത്. തീവ്രമായ കീമോതെറാപ്പിക്കും റേഡിയേഷന് ചികിത്സകള്‍ക്കും ശേഷമാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ശരീരം നല്കുന്ന ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് പരിശോധനകള്‍ നടത്തിയിരുന്നെങ്കില്‍ ഇത്രയും വലിയ ദുരവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന് ഷാനന് വ്യക്തമാക്കുന്നു.
