Sunday, November 1, 2026

ചലോ ദില്ലി മഹാറാലി: മനുഷ്യക്കടലായി രാംലീല മൈതാനം; ഗ്യാനേഷിനെതിരെ ‘ഇന്‍ഡ്യ’യുടെ ശക്തി പ്രകടനം

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനം ആള്‍ക്കടലായി മാറി. ‘ചലോ ദില്ലി’ മഹാറാലിയ്ക്കായി പ്രതിപക്ഷ നേതാക്കള്‍ ഡല്‍ഹി രാംലീലാ മൈതാനത്തേയ്ക്ക് തുറന്ന വാഹനത്തില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഒഴുകിയെത്തിയ പതിനായിരങ്ങളെക്കൊണ്ട് രാംലീലാ മൈതാനം ഇതിനകം നിറഞ്ഞുകഴിഞ്ഞു. പ്രധാന വേദിയും ചെറു കൂടാരങ്ങളുമായി വന്‍ സജ്ജീകരണങ്ങളാണ് രാംലീലയില്‍ ഒരുക്കിയിരിക്കുന്നത്. മൈതാനത്തേയ്ക്കുള്ള റോഡുകളിലും വന്‍ ജനക്കൂട്ടമാണ് അനുഭവപ്പെടുന്നത്. ക്രമസമാധാന പാലനത്തിനായി വലിയ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. വൈകീട്ട് 5 മണിക്ക് മുന്‍പ് തന്നെ റാലി അവസാനിപ്പിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൈതാനത്തിന്റെ രണ്ടാം ഗേറ്റ് വഴി ജനങ്ങള്‍ നിറഞ്ഞതിനെ തുടര്‍ന്ന്, പൊലീസ് വിലക്ക് ലംഘിച്ചും പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് രണ്ടാം നമ്പര്‍ ഗേറ്റ് അടച്ച പൊലീസ്, മൂന്നാം നമ്പര്‍ ഗേറ്റിലൂടെ മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി.

രാവിലെ മുതല്‍ തന്നെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും സമരവേദിയിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ മുതിര്‍ന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ശശി തരൂര്‍, സച്ചിന്‍ പൈലറ്റ്, വി.ഡി. സതീശന്‍ എന്നിവരും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒത്തുകൂടി. ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സഖ്യത്തിന്റെ ഒറ്റക്കെട്ടായ ഐക്യം പ്രതിഫലിക്കുമെന്നും ന്യായത്തിനായുള്ള ഈ സമരത്തില്‍ ജനങ്ങള്‍ ഒപ്പമുണ്ടെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!