ഒന്റാരിയോ: തെക്കന്‍ ഒന്റാരിയോ നഗരമായ ഗ്വല്ഫിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. അപകടത്തില്‍ പരുക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പൊലീസ് അറിയിച്ചു. പുസ്ലിഞ്ച് ടൗണ്‍ഷിപ്പിലെ വെല്ലിംഗ്ടണ്‍ കൗണ്ടി റോഡ് 34-ന് സമീപമുള്ള വാട്സണ് റോഡ് സൗത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 1:30-ഓടെയാണ് സംഭവം. അമിതവേഗതയിലെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് സൈഡിലെ ഗാര്‍ഡ് റെയില്‍ തകര്‍ത്ത് മരങ്ങള്‍ നിറഞ്ഞ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ആറുപേരാണ് അപകടസമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ രണ്ടുപേരെയും ജീവന് രക്ഷാ ഉപാധികളോടെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍പ്പെട്ടവരുടെ പേരുവിവരങ്ങളോ പ്രായമോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
