ടൊറന്റോ: ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായി വീടുകള്‍ തോറും കയറിയിറങ്ങി ശേഖരിച്ച മിട്ടായികളില്‍ തയ്യല്‍ സൂചികളും പിന്നുകളും തറച്ചുവെച്ച നിലയില്‍ കണ്ടെത്തി. ടൊറന്റോയിലെ അപ്പര്‍ ബീച്ചസ് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കായി ശേഖരിച്ച മിട്ടായികള്‍ പരിശോധിക്കുന്നതിനിടെയാണ് അഞ്ച് വ്യത്യസ്ത ചോക്ലേറ്റുകളില്‍ നിന്ന് മൂര്‍ച്ചയുള്ള സൂചികള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് മറ്റ് മാതാപിതാക്കള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി പിതാവായ ബാരി ഹോണ്‍ (53) രംഗത്തെത്തി.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ എന്‍ഡര്‍ബി റോഡ്, നോര്‍വുഡ് റോഡ്, കിംബര്‍ലി അവന്യൂ, ബെന്‍ലാമണ്ട് അവന്യൂ, ഓസ്‌ബോണ്‍ അവന്യൂ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നാണ് കുടുംബം മിട്ടായികള്‍ ശേഖരിച്ചത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ മകന്‍ കിറ്റ്കാറ്റ് ചോക്ലേറ്റ് പൊട്ടിച്ചപ്പോഴാണ് ആദ്യമായി ഉള്ളില്‍ തയ്യല്‍ സൂചി കണ്ടെത്തിയത്.

ഇതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മകള്‍ ടന്നോക്‌സ് കാരമല്‍ വേഫര്‍ ബിസ്‌കറ്റിന് സമീപം കാന്തം വെച്ചു നോക്കിയപ്പോള്‍ അത് അസാധാരണമായി ഒട്ടിപ്പിടിക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും, തുറന്നു നോക്കിയപ്പോള്‍ രണ്ടാമത്തെ സൂചി കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കാഡ്ബറി ഡെയറി മില്‍ക്ക് ഓറിയോ, കാഡ്ബറി മിനി ടോഫി ക്രഞ്ച്, സ്‌നിക്കേഴ്‌സ് എന്നിവയിലടക്കം മറ്റ് മൂന്ന് മിട്ടായികളില്‍ കൂടി പിന്നുകള്‍ കുത്തിവെച്ചതായി കണ്ടെത്തി. കാന്തം ഉപയോഗിച്ച് മിട്ടായിക്കുള്ളിലെ സൂചി കണ്ടെത്തുന്നതിന്റെയും തുടര്‍ന്ന് പാക്കറ്റ് തുറന്ന് സൂചി പുറത്തെടുക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പാക്കറ്റിന്റെ കവര്‍ പുറത്തുനിന്ന് നോക്കിയാല്‍ ഉള്ളില്‍ സൂചിയുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും, ഇത് നിര്‍മ്മാണ ഘട്ടത്തില്‍ സംഭവിച്ചതല്ല, മറിച്ച് ആരോ മനഃപൂര്‍വ്വം ചെയ്തതാണെന്നും ബാരി ഹോണ്‍ വ്യക്തമാക്കി. ഭാഗ്യവശാല്‍ കുട്ടികളാരും ഈ മിട്ടായികള്‍ കഴിക്കാതിരുന്നതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്.
സംഭവത്തില്‍ ടൊറന്റോ പോലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഒഷാവാ പ്രദേശത്തും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദുര്‍ഹാം റീജിയണല്‍ പോലീസ് പ്രദേശവാസികള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് നല്‍കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ ഹാലോവീന്‍ മിട്ടായികള്‍ കൃത്യമായി പരിശോധിക്കണമെന്ന് അധികൃതര്‍ കര്‍ശനമായി അഭ്യര്‍ത്ഥിച്ചു.
