വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഭരണനേട്ടങ്ങളും നയങ്ങളും സംബന്ധിച്ചുള്ള ഒരു വിലയിരുത്തലായിട്ടാണ് ഈ തിരഞ്ഞെടുപ്പ് വീക്ഷിക്കപ്പെടുന്നത്. ഡെമോക്രാറ്റുകള്‍ ഇരുസഭകളിലും വിജയം കൈവരിച്ചാല്‍ വാഷിങ്ടണിലെ അധികാര സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കും. ഇത് പുതിയ നിയമനിര്‍മ്മാണങ്ങള്‍ പാസാക്കിയെടുക്കുന്നതില്‍ ട്രംപിന് കടുത്ത തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
യുഎസ് കോണ്‍ഗ്രസിലെ രണ്ട് പ്രധാന സഭകളിലേക്കായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൊത്തം 21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഇത്തവണ മത്സരം. ജനപ്രതിനിധി സഭയിലെ അംഗങ്ങളുടെ കാലാവധി രണ്ട് വര്‍ഷവും സെനറ്റ് അംഗങ്ങളുടെ കാലാവധി ആറ് വര്‍ഷവുമാണ്. കാലാവധി ആറ് വര്‍ഷമാണെങ്കിലും, ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും മൂന്നിലൊന്ന് ഭാഗം സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. ഇതിനു പുറമേ, സെനറ്റിലേക്ക് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒഴിഞ്ഞ ഫ്‌ളോറിഡയിലേയും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഒഴിഞ്ഞ ഒഹായോയിലേയും സീറ്റുകളിലേക്ക് പ്രത്യേക തിരഞ്ഞെടുപ്പും നടക്കും. 36 സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ ഗവര്‍ണര്‍മാരേയും ഈ തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കും.

നിലവില്‍ ജനപ്രതിനിധി സഭയില്‍ ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ നേരിയ ഭൂരിപക്ഷം മാത്രമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. 435 സീറ്റുള്ള സഭയില്‍ ഭൂരിപക്ഷത്തിനായി 218 സീറ്റുകള്‍ ആവശ്യമുള്ളപ്പോള്‍ റിപ്പബ്ലിക്കന്‍സിന് സ്വതന്ത്രന്റെ പിന്തുണയടക്കം 219 സീറ്റുകളാണുള്ളത്. ഡെമോക്രാറ്റുകള്‍ക്ക് നിലവില്‍ 214 സീറ്റുകളുണ്ട്. അതേസമയം, സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 സീറ്റുകളും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 45 സീറ്റുകളുമാണുള്ളത്. രണ്ട് സീറ്റുകളില്‍ സ്വതന്ത്രരുള്ളപ്പോള്‍ ഇരു പാര്‍ട്ടികളുടെയും ഓരോ സീറ്റുകള്‍ വീതം ഒഴിഞ്ഞു കിടക്കുകയാണ്.
അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രകടനത്തെപ്പറ്റിയുള്ള ഹിത പരിശോധനയായാണ് ഇടക്കാല തിരഞ്ഞെടുപ്പുകളെ പൊതുവെ കാണുന്നത്. ‘ഡിസിഷന്‍ ഡെസ്‌ക് എച്ച്ക്യൂ’ പോലുള്ള പ്രവചന മോഡലുകള്‍ ഡെമോക്രാറ്റുകള്‍ക്ക് ജനപ്രതിനിധി സഭയില്‍ വ്യക്തമായ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. അതേസമയം, സെനറ്റിലെ ഭൂരിപക്ഷത്തിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. രാജ്യത്തെ ഉയര്‍ന്ന ജീവിതച്ചെലവ്, ഇന്ധനവില വര്‍ധനവ്, ഇറാനുമായുള്ള സംഘര്‍ഷം മൂലമുണ്ടായ പ്രതിസന്ധികള്‍, കുടിയേറ്റ നയങ്ങള്‍ എന്നിവയാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങള്‍. ട്രംപിന്റെ ജനപ്രീതിയിലുണ്ടായ ഇടിവും ഭരണപക്ഷത്തിന് വലിയ വെല്ലുവിളിയാണ്. അടുത്ത വര്‍ഷം ജനുവരി മൂന്നിനാണ് പുതിയ സഭ അധികാരമേല്‍ക്കുക.
