Thursday, November 5, 2026

ജീവനക്കാർക്ക് സ്വയം വിരമിക്കൽ പാക്കേജുമായി ഗൂഗിൾ; അഞ്ച് രാജ്യങ്ങളിൽ കൂടി പദ്ധതി വ്യാപിപ്പിച്ചു

ന്യൂയോർക്ക്: ജീവനക്കാർക്കുള്ള സ്വയം വിരമിക്കൽ പദ്ധതി അഞ്ച് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് ഗൂഗിൾ. കാനഡ, ഫ്രാൻസ്, ജർമനി, ജപ്പാൻ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലെ ജീവനക്കാരെയാണ് പുതിയതായി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിർമിതബുദ്ധി (AI) രംഗത്തെ നിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായി കമ്പനിയുടെ പുനഃസംഘടനാ നീക്കമാണിതെന്നാണ് റിപ്പോർട്ട്.

എത്ര ജീവനക്കാർ വിരമിക്കൽ പാക്കേജ് സ്വീകരിച്ചിട്ടുണ്ടെന്ന് ഗൂഗിൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2025ന്റെ തുടക്കത്തിൽ ചില വിഭാഗങ്ങളിൽ സമാനമായ പദ്ധതി നടപ്പാക്കിയിരുന്നുവെന്നും ജൂണിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചുവെന്നും ഗൂഗിൾ വക്താവ് റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു.

ഗൂഗിളിന്റെ എല്ലാ വിഭാഗങ്ങളിലെയും ജീവനക്കാർക്ക് സ്വയം വിരമിക്കൽ പാക്കേജ് ലഭിക്കില്ല. കമ്പനിയുടെ എഐ ഗവേഷണ വിഭാഗമായ ഡീപ് മൈൻഡിനെയും ഗൂഗിൾ ക്ലൗഡിനെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എഐ, ക്ലൗഡ് മേഖലകളിൽ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ വിഭാഗങ്ങളിൽ കൂടുതൽ ജീവനക്കാരെ ആവശ്യമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അതേസമയം, മറ്റ് ചില വിഭാഗങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കാനുമാണ് നീക്കം.

ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് നിർമിതബുദ്ധി മേഖലയിലെ നിക്ഷേപം വർധിപ്പിച്ചുവരികയാണ്. ഇതിനൊപ്പം പ്രവർത്തനച്ചെലവുകൾ നിയന്ത്രിക്കാനും വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനുമുള്ള ശ്രമങ്ങളും കമ്പനി ശക്തമാക്കിയിട്ടുണ്ട്.

സ്വിറ്റ്‌സർലൻഡിൽ ജീവനക്കാർ കമ്പനി വിടുന്നു

പദ്ധതിയുടെ ഭാഗമായി സ്വിറ്റ്‌സർലൻഡിലെ ഗൂഗിൾ ജീവനക്കാർക്ക് ജൂണിൽ വിരമിക്കൽ ഓഫർ ലഭിച്ചിരുന്നു. പദ്ധതി സ്വീകരിച്ചവർ ഓഗസ്റ്റ് മുതൽ കമ്പനി വിട്ടുതുടങ്ങിയതായാണ് റിപ്പോർട്ട്.

സ്വിറ്റ്‌സർലൻഡിൽ ഏകദേശം 5,000 ഗൂഗിൾ ജീവനക്കാരാണുള്ളത്. സൂറിച്ചിലാണ് കമ്പനിയുടെ പ്രധാന എൻജിനീയറിങ് കേന്ദ്രങ്ങളിലൊന്ന് പ്രവർത്തിക്കുന്നത്.

ഓരോ വർഷത്തെ സേവനത്തിനും ഒരു മാസത്തെ ശമ്പളം എന്ന കണക്കിലാണ് എക്സിറ്റ് പാക്കേജ് നൽകുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പരമാവധി 12 മാസത്തെ ശമ്പളം വരെ ലഭിക്കും. ഏകദേശം 50 ജീവനക്കാരുള്ള ഒരു ടീമിൽനിന്ന് കുറഞ്ഞത് നാല് പേർ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

സമാന നീക്കവുമായി മൈക്രോസോഫ്റ്റും

ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റും സമാനമായ സന്നദ്ധ വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസ്, കാനഡ, ഇന്ത്യ, യുകെ എന്നിവിടങ്ങളിലെ ഏകദേശം 60,000 ജീവനക്കാരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മൈക്രോസോഫ്റ്റിന്റെ ആകെ 2,23,000 ജീവനക്കാരിൽ ഏകദേശം 27 ശതമാനം പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടെന്നാണ് റിപ്പോർട്ട്. ഓഫർ സ്വീകരിക്കുന്നവർക്ക് ഡിസംബർ അവസാനത്തോടെ കമ്പനി വിടേണ്ടിവരും.

എഐ മേഖലയിലെ വൻ നിക്ഷേപങ്ങൾക്കൊപ്പം ചെലവ് നിയന്ത്രിക്കാനുള്ള നീക്കങ്ങളും ആഗോള ടെക് കമ്പനികൾ ശക്തമാക്കുന്നതിന്റെ സൂചനയായാണ് ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും നടപടികൾ വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!