ബേണ്ബി: ബ്രിട്ടിഷ് കൊളംബിയയിലുള്ള ബേണ്ബി സ്കൂള്‍ ഡിസ്ട്രിക്റ്റില്‍ നിന്ന് ചോര്‍ത്തിയ പതിനായിരക്കണക്കിന് സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പ്രസിദ്ധീകരിച്ചതായി റഷ്യന്‍ ഹാക്കര്‍ സംഘം. റഷ്യയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതായി കരുതുന്ന ‘ക്വിലിന്’ (Qilin) എന്ന കുപ്രസിദ്ധ റാന്‍സംവെയര്‍ സംഘത്തിന്റെ ഡാര്‍ക്ക് വെബ് സൈറ്റിലാണ് ചോര്‍ത്തിയ ഡാറ്റാബേസ് കണ്ടെത്തിയത്.
സെപ്റ്റംബര്‍ 21-നാണ് സ്കൂള്‍ ഡിസ്ട്രിക്റ്റിന്റെ സിസ്റ്റങ്ങളിലേക്ക് ഹാക്കര്‍മാര്‍ കടന്നുകയറിയത്. ഒക്ടോബര്‍ 15-ന് ഡാര്‍ക്ക് വെബില്‍ പരസ്യമായി പോസ്റ്റ് ചെയ്ത ഒരു ടെറാബൈറ്റോളം പോരുന്ന ഫയലുകള്‍ ഇതുവരെ അയ്യായിരത്തോളം തവണ ആളുകള്‍ കണ്ടതായി സൂചനയുണ്ട്. പോസ്റ്റ് ചെയ്ത സ്ക്രീന്‍ഷോട്ടുകളില്‍ ‘പേറോള്‍’, ‘ഹരാസ്മെന്റ് ഇന്‍വെസ്റ്റിഗേഷന്‍സ്’, ‘ഡിസിപ്ലിന്‍’, ‘മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്’ തുടങ്ങിയ പേരുകളിലുള്ള ഫോള്‍ഡറുകള്‍ കാണാം.

ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും മെഡിക്കല്‍ വിവരങ്ങള്‍, പഠന വിലയിരുത്തലുകള്‍, വ്യക്തിഗത വിവരങ്ങള്‍ എന്നിവ ചോര്‍ന്ന ഡാറ്റയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഹാക്കര്‍മാര്‍ വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് ഇ-മെയില്‍ വഴി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചോര്‍ന്ന വിവരങ്ങളുടെ സ്വഭാവവും വ്യാപ്തിയും തിട്ടപ്പെടുത്താന്‍ ബാഹ്യ സൈബര്‍ വിദഗ്ദ്ധനെ ചുമതലപ്പെടുത്തിയതായി ബേണ്ബി സ്കൂള്‍ ഡിസ്ട്രിക്റ്റ് അറിയിച്ചു.
മറ്റ് സൈബര്‍ കുറ്റവാളികള്‍ക്ക് ആക്രമണങ്ങള്‍ നടത്താന്‍ ടൂളുകള്‍ നല്കുന്ന ‘റാന്‍സംവെയര്‍-ആസ്-എ-സര്‍വീസ്’ (RaaS) രീതിയിലാണ് ക്വിലിന് പ്രവര്‍ത്തിക്കുന്നത്. 2024-ല്‍ യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് (NHS) നേരെയുണ്ടായ വലിയ സൈബര്‍ ആക്രമണത്തിന് പിന്നിലും ഈ സംഘമായിരുന്നു.
