Friday, November 6, 2026

U.Sല്‍ സ്വന്തം 5G മൊബൈല്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കാന്‍ സ്‌പേസ്എക്‌സ്; ക്വല്‍കോമുമായി വമ്പന്‍ കരാര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് വന്‍ വിപ്ലവത്തിന് വഴിയൊരുക്കി ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്‌പേസ്എക്‌സ് (SpaceX). രാജ്യവ്യാപകമായി സ്വന്തം 5ജി മൊബൈല്‍ നെറ്റ്വര്‍ക്ക് നിര്‍മ്മിക്കുന്നതിനായി പ്രമുഖ ആഗോള ചിപ് നിര്‍മാതാക്കളായ ക്വാല്‍കോം ടെക്‌നോളജീസുമായി (Qualcomm Technologies) സ്‌പേസ്എക്‌സ് ബഹുവര്‍ഷ കരാറില്‍ ഏര്‍പ്പെട്ടു. സ്‌പേസ്എക്‌സിന്റെ ‘സ്റ്റാര്‍ലിങ്ക് മൊബൈല്‍’ (Starlink Mobile) പദ്ധതിയുടെ ഭാഗമായി ഉപഗ്രഹ അധിഷ്ഠിത സേവനങ്ങളും ഭൂമിയിലെ സെല്‍ ടവറുകളും സംയോജിപ്പിച്ചുള്ള അത്യാധുനിക ആശയവിനിമയ ശൃംഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് 5G സെല്‍ സൈറ്റുകളുടെ നിര്‍മ്മാണം 2027-ല്‍ ആരംഭിക്കും.

ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളായ ‘ഡ്രാഗണ്‍വിങ് ക്യുആര്‍യു100’, ‘ക്യൂഡിയു100′ പ്ലാറ്റ്ഫോമുകളും ’64T64R മാസ്സീവ് മിമോ’ ആന്റിന സാങ്കേതികവിദ്യയും ഉപയോഗിച്ചായിരിക്കും ഈ പുതിയ ശൃംഖല പ്രവര്‍ത്തിക്കുക. സിഗ്‌നലുകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനും ഒരേസമയം കൂടുതല്‍ ഡാറ്റ കൈകാര്യം ചെയ്യാനും വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ഇത് സഹായിക്കും. സാധാരണ ടവറുകള്‍ ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാനും, ഫോണ്‍ കോളുകള്‍ വിച്ഛേദിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനുമാണ് സ്റ്റാര്‍ലിങ്ക് ശ്രമിക്കുന്നതെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് മൈക്കല്‍ നിക്കോള്‍സ് അറിയിച്ചു.

നിലവില്‍ അമേരിക്കയിലെ ടെലികോം വിപണി ഭരിക്കുന്ന വെരിയോണ്‍ (Verizon), എടി&ടി (AT&T), ടി-മൊബൈല്‍ (T-Mobile) എന്നീ ഭീമന്മാര്‍ക്ക് സ്‌പേസ്എക്‌സിന്റെ ഈ നീക്കം വലിയ ഭീഷണിയാകും. തടസ്സമില്ലാത്ത 5ജി സേവനങ്ങള്‍ക്ക് പുറമേ, ഭാവിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത 6ജി ടെക്‌നോളജിയുടെ വികസനത്തിനും ഈ കൂട്ടുകെട്ട് വഴിയൊരുക്കും. പദ്ധതിയുടെ നിര്‍മ്മാണം 2027-ല്‍ ആരംഭിക്കുമെങ്കിലും സേവനങ്ങളുടെ നിരക്കുകളും പൊതുജനങ്ങള്‍ക്ക് എന്ന് ലഭ്യമാകുമെന്ന വിവരങ്ങളും കമ്പനികള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!