ഓട്ടവ: രാജ്യതലസ്ഥാനത്ത് വീടുകളുടെ വില്പനയില് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ് രേഖപ്പെടുത്തിയതായി ഓട്ടവ റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് (OREB). ഒക്ടോബര്‍ മാസത്തില്‍ വീടുകളുടെ വില്പനയില് 10.7 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. എം.എല്‍.എസ് (MLS) സിസ്റ്റം വഴി ആകെ 1,048 റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളാണ് ഒക്ടോബറില്‍ വിറ്റഴിഞ്ഞത്. 2026-ന്റെ ആദ്യ 10 മാസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ (2025) സമാന കാലയളവിനെ അപേക്ഷിച്ച് വില്പനയില് 7.3 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
എന്നിരുന്നാലും, 2026 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഒക്ടോബറിലെ വില്പനയില് 3.8 ശതമാനത്തിന്റെ ചെറിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വരാനിരിക്കുന്ന ശൈത്യകാലത്തിന് മുന്നോടിയായി വിപണിയില്‍ നേരിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് OREB പ്രസിഡന്റ് ടാമി ഈഡ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അപ്പാര്‍ട്ട്മെന്റുകളുടെ വില്പനയിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത് (23.3 ശതമാനം). സിംഗിള്‍-ഫാമിലി വീടുകളുടെ വില്പന 12.5 ശതമാനവും ടൗണ്‍ഹൗസുകളുടെ വില്പന 3 ശതമാനവും കുറഞ്ഞു. ഒക്ടോബറിലെ ശരാശരി റെസിഡന്‍ഷ്യല്‍ വില്പന വില 6,78,512 കാനഡിയന്‍ ഡോളറാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.5 ശതമാനം കുറവാണ്.

ഓട്ടവയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഫെഡറല്‍ ജീവനക്കാരുടെ തൊഴില്‍ അനിശ്ചിതത്വമാണ്. ഫെഡറല്‍ പബ്ലിക് സര്‍വീസിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിരവധി തസ്തികകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. നാഷണല്‍ ക്യാപിറ്റല്‍ റീജിയണിലെ ഫെഡറല്‍ ജീവനക്കാരുടെ എണ്ണം 2025-ലെ 1,53,979-ല്‍ നിന്ന് 2026 മാര്‍ച്ച് അവസാനത്തോടെ 1,46,149 ആയി കുറഞ്ഞിട്ടുണ്ട്. കൂടാതെ സ്വമേധയാ വിരമിക്കല്‍ പദ്ധതി വഴി 2,555 ജീവനക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. 2029-ഓടെ പബ്ലിക് സര്‍വീസിന്റെ വലുപ്പം 10 ശതമാനം കുറയ്ക്കാനാണ് കനേഡിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
