എറണാകുളം: ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ സുനില്‍ കുമാര്‍, കാസര്‍ഗോഡ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. സജിത്ത് എന്നിവരെയാണ് പ്രധാന തസ്തികകളില്‍ നിന്ന് മാറ്റി അപ്രധാന പദവികളിലേക്ക് നിയമിച്ചത്. സുനില്‍ കുമാറിനെ ആലപ്പുഴ ജില്ലയിലെ കുത്തിയതോട് ഓഡിറ്റ് ഡിവിഷന് ഡെപ്യൂട്ടി കമ്മീഷണറായാണ് മാറ്റിയിരിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയുള്ള നികുതിവെട്ടിപ്പ് കേസിന്റെ നടപടികള്‍ തടസ്സപ്പെടുത്താന്‍ സുനില്‍ കുമാര്‍ ഇടപെട്ടതായി അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടി. സജിത്തിനെയും സമാനമായ രീതിയില്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് ഓഡിറ്റ് വിഭാഗത്തിലേക്കാണ് മാറ്റിയിട്ടുള്ളത്. കേസില്‍ ഉന്നതതല ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയും നിലവിലുള്ള ചട്ടങ്ങള്‍ പൂര്‍ണ്ണമായി ലംഘിച്ചുമാണ് സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍ നല്‍കിയതെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ മന്ത്രിതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നും എസ്.ഐ.ടിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസിന്റെ അന്വേഷണം പുരോഗെമിക്കുന്നതിനിടയിലാണ് വകുപ്പുതലത്തിലെ ഈ സുപ്രധാന മാറ്റങ്ങള്‍.
