Saturday, November 7, 2026

71 വയസ്സിന് ശേഷവും RRSP അക്കൗണ്ട് നിലനിർത്താം; ‘RRSP for Life’ പദ്ധതിയുമായി കാനഡ സർക്കാർ

ഓട്ടവ: മുതിർന്ന പൗരന്മാരുടെ വിരമിക്കൽ സമ്പാദ്യ നടപടികൾ ലളിതമാക്കാൻ രജിസ്റ്റേർഡ് റിട്ടയർമെന്റ് സേവിംഗ്സ് പ്ലാനിൽ (RRSP) നിർണായക മാറ്റങ്ങൾ നിർദേശിച്ച് കാനഡയിലെ ഫെഡറൽ സർക്കാർ. ‘RRSP for Life’ എന്ന പേരിൽ അവതരിപ്പിച്ച നിർദേശപ്രകാരം, 71 വയസ്സ് കഴിഞ്ഞാലും നിലവിലുള്ള RRSP അക്കൗണ്ട് തുടരാൻ അനുവദിക്കും. പുതിയ ഫെഡറൽ ബജറ്റിലാണ് ഇതുസംബന്ധിച്ച നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ നിയമപ്രകാരം, അക്കൗണ്ട് ഉടമയ്ക്ക് 71 വയസ്സ് തികയുന്ന വർഷം അവസാനിക്കുന്നതിന് മുമ്പ് RRSP അക്കൗണ്ട് അവസാനിപ്പിക്കുകയോ രജിസ്റ്റേർഡ് റിട്ടയർമെന്റ് ഇൻകം ഫണ്ടിലേക്ക് (RRIF) മാറ്റുകയോ വേണം. എന്നാൽ പുതിയ നിർദേശം നടപ്പിലായാൽ ഈ നിർബന്ധിത നടപടിയിൽനിന്ന് മുതിർന്ന പൗരന്മാർക്ക് ഇളവ് ലഭിക്കും. ഇതിലൂടെ അക്കൗണ്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട രേഖാപരമായ നടപടികളും സാമ്പത്തിക സങ്കീർണതകളും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

അക്കൗണ്ട് ഉടമയുടെ മരണശേഷം പങ്കാളിക്ക് നികുതി സംബന്ധമായ സങ്കീർണതകൾ ഒഴിവാക്കി അക്കൗണ്ട് സ്വന്തം പേരിലേക്ക് മാറ്റുന്നതിനും പുതിയ നിർദേശം സൗകര്യമൊരുക്കുന്നു. അതേസമയം, 71 വയസ്സിന് ശേഷം RRSP അക്കൗണ്ടിലേക്ക് പുതിയ നിക്ഷേപങ്ങൾ നടത്താൻ അനുമതിയുണ്ടാകില്ല. 72 വയസ്സ് മുതൽ നിശ്ചിത ശതമാനം തുക നിർബന്ധമായും പിൻവലിക്കേണ്ടിവരുമെന്നും ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ന്റെ പ്രസ് സെക്രട്ടറി ജോൺ ഫ്രാഗോസ് വ്യക്തമാക്കി.

പുതിയ നിർദേശത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം തേടുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. 2027 ജനുവരി 8 വരെയാണ് അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള സമയം.

മാറ്റം മുതിർന്ന പൗരന്മാർക്ക് കൂടുതൽ സൗകര്യം നൽകുമെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വലിയൊരു വിഭാഗത്തിന് ഇതിന്റെ പ്രയോജനം പരിമിതമായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പെൻഷൻ സമ്പാദ്യ പദ്ധതികൾ ഉള്ളവർക്ക് മാത്രമാണ് പ്രധാനമായും പുതിയ മാറ്റം ഗുണകരമാകുകയെന്ന് ചാർട്ടേഡ് പ്രൊഫഷണൽ അക്കൗണ്ടന്റ്സ് കാനഡയുടെ സോഷ്യൽ ഇംപാക്ട് ഡയറക്ടർ ലി ഷാങ് അഭിപ്രായപ്പെട്ടു.

കാനഡയിലെ ജനങ്ങളിൽ 33 മുതൽ 37 ശതമാനം വരെ ആളുകൾക്ക് മാത്രമാണ് ഇത്തരം വിരമിക്കൽ സമ്പാദ്യ പദ്ധതികളുള്ളതെന്നാണ് റിപ്പോർട്ടിലെ കണക്ക്. ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ നിരവധി മുതിർന്ന പൗരന്മാർ ചാരിറ്റി സ്ഥാപനങ്ങളുടെ സഹായം തേടേണ്ടിവരുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ, RRSP അക്കൗണ്ടുമായി ബന്ധപ്പെട്ട നടപടികൾ ലളിതമാക്കുന്ന പുതിയ നിർദേശം മാത്രം മുതിർന്ന പൗരന്മാരുടെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമാകില്ലെന്നാണ് വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!