കാല്‍ഗറി: വ്യാജ കനേഡിയന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 16 തവണ രാജ്യത്തിന് പുറത്തുപോകുകയും തിരിച്ചെത്തുകയും ചെയ്ത സംഭവത്തില്‍ 22 കാരനായ ഘാന സ്വദേശിക്ക് കാനഡയില്‍ തടവുശിക്ഷ വിധിച്ചു. പൗരത്വ തട്ടിപ്പ് കേസില്‍ പ്രതിയായ ജെഫേഴ്സണ്‍ സോര്‍മെലോയ്ക്കാണ് കല്‍ഗറി കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ആക്ട് ലംഘിച്ചതായി കോടതിയില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. കസ്റ്റഡി കാലാവധി കിഴിച്ചുള്ള ബാക്കി 14 മാസം കൂടി ഇയാള്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.
2021-ല്‍ സ്റ്റഡി പെര്‍മിറ്റിലാണ് സോര്‍മെലോ കാനഡയിലെത്തിയത്. എന്നാല്‍ പഠനം തുടരാതിരുന്നതിനെ തുടര്‍ന്ന് 2024-ല്‍ ഇയാളെ രാജ്യത്തുനിന്ന് പുറത്താക്കാന്‍ ഉത്തരവായി. തുടര്‍ന്ന് ‘മിഷേല്‍ ലെബ്ലാങ്ക്’ എന്ന വ്യാജ പേരില്‍ പൗരത്വ രേഖകളും കനേഡിയന്‍ പാസ്പോര്‍ട്ടും ഇയാള്‍ സംഘടിപ്പിക്കുകയായിരുന്നു. 2024 ഡിസംബര്‍ മുതല്‍ തുടര്‍ന്നുള്ള 15 മാസത്തിനിടെ ഈ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് മോണ്‍ട്രിയല്‍, ടോറന്റോ, ഹാലിഫാക്‌സ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി 16 തവണയാണ് ഇയാള്‍ യാത്രാനടപടികള്‍ പൂര്‍ത്തിയാക്കിയത്.

2026 ഏപ്രിലില്‍ കല്‍ഗറിയിലെ യു.എസ് കണ്‍സുലേറ്റില്‍ മിഷേല്‍ ലെബ്ലാങ്ക് എന്ന പേരില്‍ വ്യാജ പെര്‍മനന്റ് റെസിഡന്‍സി കാര്‍ഡ് ഹാജരാക്കാന്‍ ശ്രമിച്ചപ്പോഴാണ് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (CBSA) ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളുടെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ വ്യാജ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
സോര്‍മെലോയുടെ പ്രവൃത്തി കനേഡിയന്‍ പൗരത്വ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും രാജ്യത്തിന്റെ സുരക്ഷയെയും അന്താരാഷ്ട്ര പ്രശസ്തിയെയും ബാധിച്ചുവെന്നും വിധിക്കവേ ജസ്റ്റിസ് കാരെന്‍ മോള്‍ നിരീക്ഷിച്ചു. പ്രതിക്ക് അഞ്ച് വര്‍ഷത്തെ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും, പ്രതിയുടെ ആസൂത്രിത തട്ടിപ്പും മുന്‍കാല പശ്ചാത്തലവും പരിഗണിച്ച് ജഡ്ജി രണ്ടു വര്‍ഷത്തെ തടവുശിക്ഷയായി നിശ്ചയിക്കുകയായിരുന്നു.
