ഹാമില്ട്ടണ്: ഒന്റാരിയോ പ്രവിശ്യയിലെ തൊഴിലാളികള്‍ക്ക് ദിനംപ്രതിയുള്ള ജീവിതച്ചിലവുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നിലവിലെ മിനിമം വേതനം മാത്രം പോരെന്നും, വേതനത്തില്‍ കാര്യമായ വര്‍ധന അത്യാവശ്യമാണെന്നും വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ഒന്റാരിയോ ലിവിങ് വേജ് നെറ്റ്വര്‍ക്ക് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, വാട്ടര്‍ലൂ റീജന്‍, ഗുല്‍ഫ്, വെല്ലിങ്ടണ്‍, ഡഫറിന്‍ മേഖലകളില്‍ മാന്യമായ ജീവിതച്ചെലവ് മുന്നോട്ട് കൊണ്ടുപോകാന്‍ ഒരാള്‍ കുറഞ്ഞത് മണിക്കൂറില്‍ 23.40 കനേഡിയന്‍ ഡോളര്‍ സമ്പാദിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രവിശ്യാ സര്‍ക്കാര്‍ നിലവില്‍ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനമായ 17.95 ഡോളറിനേക്കാള്‍ 5.45 ഡോളര്‍ കൂടുതലാണിത്.
നിലവിലെ മിനിമം വേതനം കൊണ്ട് മാത്രം ഒരു വ്യക്തിക്കോ കുടുംബത്തിനോ ജീവിതച്ചെലവുകള്‍ വഹിക്കാനോ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാനോ സാധിക്കുന്നില്ലെന്ന് ഓന്റാരിയോ ലിവിങ് വേജ് നെറ്റ്വര്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ കോള്മാന് വ്യക്തമാക്കി. മിനിമം വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ മാസാവസാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും, ഇതിനാല്‍ ഒന്നിലധികം ജോലികള്‍ ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

തൊഴിലാളികള്‍ക്ക് ജീവിതച്ചെലവിന് അനുസൃതമായ വേതനം നല്‍കുന്നത് സ്ഥാപനങ്ങളുടെ നിലനില്‍പ്പിനും ഗുണകരമാണെന്ന് വ്യവസായ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു. ജീവനക്കാരുടെ സാമ്പത്തിക ഭദ്രത അവരുടെ സര്‍ഗ്ഗാത്മകതയും സ്ഥാപനത്തോടുള്ള പ്രതിബദ്ധതയും വര്‍ധിപ്പിക്കുമെന്നും ഇത് ജീവനക്കാര്‍ സ്ഥാപനം വിട്ടുപോകുന്ന നിരക്ക് കുറയ്ക്കുമെന്നും കിച്ചനറിലെ ‘ഓഡ് ഡക്ക് വൈന്‍ ആന്‍ഡ് പ്രൊവിഷന്‍സ്’ കുലിനറി ഡയറക്ടര്‍ ജോണ്‍ റെന്നി പറഞ്ഞു.
എന്നാല്‍ തരിഫ് നയങ്ങളും അന്താരാഷ്ട്ര വ്യാപാര സമ്മര്‍ദ്ദങ്ങളും കാരണം 53 ശതമാനത്തോളം ബിസിനസുകളുടെ ലാഭത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും, ജീവിതച്ചെലവിനനുസരിച്ചുള്ള വേതനം നല്‍കുന്നത് നിലവിലെ സാഹചര്യത്തില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണെന്നും കനേഡിയന്‍ ഫെഡറേഷന് ഓഫ് ഇന്‍ഡിപെന്‍ഡന്റ് ബിസിനസ് ചൂണ്ടിക്കാട്ടുന്നു. മിനിമം വേതന ഘടന പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ജീവകാരുണ്യ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.
