ന്യൂയോര്‍ക്ക്: എച്ച്-1ബി, ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍ര്‍ഷിപ്പ് നടപടികള്‍ അവസാനിപ്പിക്കുന്നതായി ഐ.ബി.എം. ഐബിഎം (IBM) കമ്പനിയുടെ യുഎസ് കണ്‍സള്‍ട്ടിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശ ജീവനക്കാരുടെയും എച്ച്-1ബി (H-1B) വീസ പുതുക്കുന്നതും ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പും നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. യുഎസില്‍ സ്ഥിരതാമസത്തിന് (Permanent Residency) ശ്രമിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധിയായ വിദേശ ജീവനക്കാരെ ഈ നീക്കം സാരമായി ബാധിക്കും.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം തൊഴിലധിഷ്ഠിത കുടിയേറ്റ പരിപാടികള്‍ക്കുമേല്‍ (Employment-based Immigration) നിയന്ത്രണങ്ങളും പരിശോധനകളും കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് ഐബിഎമ്മിന്റെ ഈ തീരുമാനം. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവ് പരിഹരിക്കാനാണ് കമ്പനി എച്ച്-1ബി വീസ പ്രോഗ്രാമുകളില്‍ പങ്കാളികളായിരുന്നതെന്നും, എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിദേശ ജീവനക്കാരുടെ ആശ്രയത്വം കുറച്ചുകൊണ്ടുവരികയാണെന്നും ഐബിഎം വക്താവ് വ്യക്തമാക്കി.

തീരുമാനം ബാധിക്കുന്ന ജീവനക്കാര്‍ക്ക് അമേരിക്കയ്ക്ക് പുറത്തുള്ള ഐബിഎം ഓഫീസുകളിലേക്ക് മാറാനോ അല്ലെങ്കില്‍ വര്‍ഷാവസാനത്തോടെ കമ്പനിയില്‍ നിന്ന് വിടുതല്‍ നേടാനോ ഉള്ള അവസരം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബര്‍ 30-ന് അവസാനിച്ച 2026 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1,100-ലധികം എച്ച്-1ബി വീസകള്‍ക്കായി ഐബിഎം അപേക്ഷിച്ചിട്ടുണ്ടെന്നാണ് യുഎസ് ഡെപ്യൂട്ടി ഓഫ് ലേബര്‍ വ്യക്തമാക്കുന്നത്. നിലവില്‍ എച്ച്-1ബി വിസയില്‍ തുടരുകയും ഗ്രീന്‍ കാര്‍ഡിനായി കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് പ്രതീക്ഷിച്ച് കഴിയുകയും ചെയ്യുന്ന ജീവനക്കാരുടെ ഭാവി ഇതോടെ ആശങ്കയിലായിട്ടുണ്ട്.
ഐടി കമ്പനികള്‍ വിദേശ ജീവനക്കാര്‍ക്ക് സ്ഥിരതാമസം ഉറപ്പാക്കാന്‍ നടത്തുന്ന പെര്‍ം (PERM) ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയില്‍ ക്രമക്കേട് ആരോപിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് അടക്കമുള്ള വന്‍കിട കമ്പനികള്‍ക്കെതിരെ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചുവരുന്ന സാഹചര്യത്തിലാണ് ഐബിഎമ്മും കടുത്ത തീരുമാനത്തിലേക്ക് കടന്നത്.
