വാഷിങ്ടണ്‍: സിഇഒ ജെന്സന് ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പ്രമുഖ സാങ്കേതികവിദ്യ കമ്പനിയായ എന്‍വിഡിയയുടെ ഓഹരികളില്‍ വന്‍ ഇടിവ്. ട്രേഡിംഗില്‍ ആറ് ശതമാനത്തോളം തിരിച്ചടി നേരിട്ടതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന പദവി എന്‍വിഡിയയ്ക്ക് നഷ്ടപ്പെടുകയും മൈക്രോസോഫ്റ്റ് ഒന്നാമതെത്തുകയും ചെയ്തു. സാങ്കേതിക ലോകത്ത് എന്‍വിഡിയയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായതാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമുണ്ടെന്ന് യുഎസ് സംശയിക്കുന്ന ആലീസ് ഹുവാങ് എന്ന യുവതിയുമായുള്ള ജെന്സന് ഹുവാങ്ങിന്റെ ബന്ധമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ആലീസിന്റെ ഇടപാടുകള്‍ വഴി കടുത്ത ഉപരോധങ്ങള്‍ നിലനില്‍ക്കെ 750 കോടി ഡോളറിലധികം മൂല്യമുള്ള എന്‍വിഡിയ ചിപ്പുകള്‍ ചൈനീസ് കമ്പനികള്‍ക്ക് ലഭ്യമാക്കാന്‍ സഹായിച്ചതായി ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

പ്രതിസന്ധി രൂക്ഷമായതോടെ ജെന്സന് ഹുവാങ്ങിനെതിരെ വിദേശ ഏജന്‍സികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ചൈനീസ് യുവതിയുമായുള്ള വ്യക്തിബന്ധം സ്ഥിരീകരിച്ച് എന്‍വിഡിയ മേധാവി തന്നെ രംഗത്തെത്തുകയും ചെയ്തു.
