Friday, November 13, 2026

വെളളപ്പൊക്കത്തിന് സാധ്യത; മെട്രോ വന്‍കൂവറിലും ഗ്രേറ്റര്‍ വിക്ടോറിയയിലും മുന്നറിയിപ്പ്

വന്‍കൂവര്‍: മെട്രോ വന്‍കൂവറിലെയും ഗ്രേറ്റര്‍ വിക്ടോറിയയിലെയും തീരപ്രദേശങ്ങളില്‍ വെള്ളിയാഴ്ച കടല്‍ക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് എന്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനൊപ്പം തിരമാലകള്‍ ഉയരാനും സമുദ്രനിരപ്പ് വര്‍ധിക്കാനും സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളില്‍ ഉളളവര്‍ ജാഗ്രതാ പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

വെള്ളിയാഴ്ച രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും ഇടയില്‍ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നാണ് വിലയിരുത്തല്‍. വാരാന്ത്യത്തിലും ഈ സാഹചര്യം തുടര്‍ന്നേക്കാം. മെട്രോ വന്‍കൂവര്‍, മസ്‌ക്വിയം ഫസ്റ്റ് നേഷന്‍ എന്നിവയുടെ താഴ്ന്ന പ്രദേശങ്ങള്‍, ബൗണ്ടറി ബേ മുതല്‍ സെമിയാഹ്‌മൂ ബേ വരെയുള്ള ഭാഗങ്ങള്‍, സതേണ്‍ ഗള്‍ഫ് ഐലന്‍ഡ്‌സ്, സാനിച് ഇന്‍ലെറ്റ്, സ്വാര്‍ട്‌സ് ബേ മുതല്‍ കോര്‍ഡോവ ബേ വരെയും അവിടെ നിന്ന് ഈസ്റ്റ് സൂക്ക് വരെയുമുള്ള തീരപ്രദേശങ്ങളുമാണ് മുന്നറിയിപ്പിന്റെ പരിധിയില്‍ വരുന്നത്. പസഫിക് സമുദ്രത്തില്‍ നിന്നുള്ള ന്യൂനമര്‍ദ്ദവും ഉയര്‍ന്ന വേലിയേറ്റവുമാണ് കടല്‍ക്ഷോഭത്തിന് കാരണമാകുന്നത്. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 60 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബ്രിട്ടീഷ് കൊളംബിയയുടെ പല ഭാഗങ്ങളിലും 300 മില്ലിമീറ്ററിലധികം മഴ ലഭിച്ചതിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള ഉത്തരവുകളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പെംബര്‍ട്ടണ്‍ വാലിയിലും സ്‌ക്വാമിഷ് ജില്ലയുടെ ചില ഭാഗങ്ങളിലും ആളുകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ സുരക്ഷിതരായി തുടരണമെന്ന നിര്‍ദ്ദേശം (Shelter-in-place advisory) തുടരുകയാണ്.

ഗ്രീന്‍ നദിയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ലില്‍വാട്ട് നേഷന്‍ (Lílwat Nation) തങ്ങളുടെ മേഖലയിലെ ഒഴിപ്പിക്കല്‍ ഉത്തരവ് വ്യാഴാഴ്ച രാവിലെ വിപുലീകരിച്ചു. പെംബര്‍ട്ടണില്‍ റീജണല്‍ എയര്‍പോര്‍ട്ട്, ബി.സി. വൈല്‍ഡ് ഫയര്‍ സര്‍വീസ് ബേസ്, ഗോള്‍ഫ് കോഴ്‌സ്, മൃഗസംരക്ഷണ കേന്ദ്രം, ഏതാനും വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, അറ്റ്‌മോസ്‌ഫെറിക് റിവര്‍ പ്രതിഭാസം ദുര്‍ബലമാകുന്നതിനാല്‍ വെള്ളിയാഴ്ച വൈകുന്നേരം വരെ മഴ കുറയുമെന്നും എന്നാല്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച വരെ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും സ്‌ക്വാമിഷ് ജില്ലാ അധികൃതര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!