ഓട്ടവ: ഒന്റാരിയോ ബ്രാംപ്ടണിലെ സ്റ്റെല്ലാന്റിസ് പ്ലാന്റ് വില്‍പ്പനയില്‍ കടുത്ത നടപടികള്‍ക്കൊരുങ്ങി ഫെഡറല്‍ സര്‍ക്കാര്‍. വാഹന നിര്‍മ്മാണ ശാല പ്രതിരോധ കരാര്‍ കമ്പനിയായ റോഷെലിന് (Roshel) വില്‍ക്കാനുള്ള തീരുമാനം ഫെഡറല്‍ സര്‍ക്കാരുമായുള്ള കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്ന് വ്യവസായ മന്ത്രി മെലനി ജോളി വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ വിഷയത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ കമ്പനിക്ക് അനുവദിച്ച ഫെഡറല്‍ ഫണ്ടിങ് പലിശ സഹിതം തിരികെ പിടിക്കാന്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജീപ്പ് കോമ്പസ് വാഹനങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചതും പകരം മറ്റൊരു മോഡല്‍ നിര്‍മ്മിക്കാന്‍ തയ്യാറാകാതെ പ്ലാന്റ് അടച്ചുപൂട്ടിയതും കരാര്‍ ലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന് മെലനി ജോളി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാര്‍ തലത്തില്‍ പരിഹാര ശ്രമങ്ങള്‍ നടത്തിയിട്ടും കമ്പനി ഏകപക്ഷീയമായി പ്ലാന്റ് വില്‍പ്പനയുമായി മുന്നോട്ട് പോയത് അംഗീകരിക്കാനാവില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ കമ്പനി നിലപാട് മാറ്റിയില്ലെങ്കില്‍ ഫെഡറല്‍ ഫണ്ടിങ് കരാര്‍ പൂര്‍ണ്ണമായും റദ്ദാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ടൊറന്റോയില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് വ്യവസായ മന്ത്രിയുടെ ഈ കടുത്ത പ്രതികരണം. സ്റ്റെല്ലാന്റിസ് കാനഡ സിഇഒ ട്രെവര്‍ ലോംഗ്ലി, തൊഴിലാളി യൂണിയനായ യൂണിഫോര്‍ (Unifor) പ്രതിനിധികള്‍, ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് എന്നിവരുമായി മന്ത്രി നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തിയിരുന്നു. തൊഴിലാളികളുടെ താല്‍പ്പര്യങ്ങളും വ്യാവസായിക കരാറുകളും സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്ന ശക്തമായ സന്ദേശമാണ് ഫെഡറല്‍ സര്‍ക്കാര്‍ ഇതിലൂടെ നല്‍കിയിരിക്കുന്നത്.
