വന്‍കൂവര്‍: കാനഡയിലും അമേരിക്കയിലും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൈക്രോസോഫ്റ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടത് പതിനായിരക്കണക്കിന് ഉപയോക്താക്കളെ വലച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് കാനഡയിലും അമേരിക്കയിലുമായി പതിനായിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് സേവനങ്ങളില്‍ പ്രശ്നങ്ങള്‍ നേരിട്ടത്. മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക് (Microsoft Outlook) ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഏകദേശം 150,000 പരാതികള്‍ ലഭിച്ചതായി ഡൗണ്‍ഡിറ്റക്റ്റര്‍ അറിയിച്ചു. മൈക്രോസോഫ്റ്റ് ഔട്ട്ലുക്കിന് പുറമെ വേഡ്, എക്‌സല്‍, Teams, വണ്‍ഡ്രൈവ് തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുന്ന സബ്സ്‌ക്രിപ്ഷന്‍ സ്യൂട്ടായ കോപൈലറ്റ്, മൈക്രോസോഫ്റ്റ് 365 എന്നിവയിലും പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്‍ അമിതമായ ലോഡ് അനുഭവപ്പെടുന്നതാണ് കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സാങ്കേതിക തടസ്സം കാനഡയിലെ ആശുപത്രികളുടെയും റെയില്‍വേയുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ തടസ്സപ്പെടുമ്പോള്‍ പ്രഖ്യാപിക്കുന്ന കോഡ് ഗ്രേ (Code Grey) യൂണിറ്റി ഹെല്‍ത്ത് ടൊറന്റോ പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് ഇമെയിലുകള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തടസ്സം നേരിട്ടെങ്കിലും രോഗീപരിചരണത്തെ ഇത് ബാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കെബെക്കിലെ മണ്‍ട്രിയോള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സെന്റര്‍ (CHUM), മണ്‍ട്രിയോളിലെ ജ്യൂയിഷ് ജനറല്‍ ഹോസ്പിറ്റല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും അപ്പോയിന്റ്‌മെന്റ് നടപടികളെയും തകരാര്‍ ബാധിച്ചു. യാത്രക്കാര്‍ക്ക് ട്രെയിന്‍ വിവരങ്ങള്‍ സംബന്ധിച്ച ഇമെയില്‍ സന്ദേശങ്ങള്‍ ലഭിക്കാന്‍ തടസ്സമുണ്ടാകുമെന്ന് വിയ റെയില്‍ (Via Rail) അറിയിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ട്രെയിന്‍ ട്രാക്കറോ എസ്.എം.എസ് സേവനമോ ഉപയോഗിക്കാന്‍ യാത്രക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ടൊറന്റോ സര്‍വകലാശാല, സെനെക്ക പോളിടെക്‌നിക്, ജോര്‍ജ് ബ്രൗണ്‍ പോളിടെക്‌നിക് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇമെയില്‍ സംവിധാനങ്ങളും തടസ്സപ്പെട്ടു. എന്നാല്‍ ക്ലാസുകളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടില്ല. അതേസമയം, വൈകുന്നേരം 5:15-ഓടെ കാനഡയിലും അമേരിക്കയിലുമായി ആമസോണ്‍ വെബ് സര്‍വീസസില്‍ 500-ലധികവും ജിമെയിലില്‍ 1,000-ലധികവും സാങ്കേതിക തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കി.
