ഹോങ്കോങ് : മൈക്രോസോഫ്റ്റ് സേവനങ്ങളില്‍ ഉണ്ടായ തടസ്സം ഏഷ്യ മുതല്‍ യുഎസ് വരെയുള്ള രാജ്യങ്ങളില്‍ പ്രശ്നം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. സാങ്കേതിക ഭീമനായ മൈക്രോസോഫ്റ്റ് പ്രശ്നം പരിഹരിക്കാന്‍ പാടുപെടുന്നതിനിടെ, ഔട്ട്ലുക്ക് (Outlook), ടീംസ് (Teams) തുടങ്ങിയ മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തടസ്സം നിരവധി ഉപയോക്താക്കളെയും കമ്പനികളെയും ചില സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.
പത്ത് മണിക്കൂറിലധികം പിന്നിട്ടിട്ടും സേവനങ്ങള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല.
ലോകത്ത് ആകമാനം 430 ദശലക്ഷത്തിലധികം ആളുകള്‍ മൈക്രോസോഫ്റ്റ് 365 ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഔട്ട്ലുക്ക് ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്ന് വിവിധ രാജ്യങ്ങളിലായി ഏകദേശം 130,000 ഉപയോക്താക്കള്‍ ‘ഡൗണ്‍ഡിറ്റക്ടര്‍’ (Downdetector) എന്ന ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്ഫോമില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പരാതിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ പതിവുപോലെ ഓഫീസ് ജോലികള്‍ക്കായി ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച കോര്‍പ്പറേറ്റ് ജീവനക്കാരും സ്ഥാപനങ്ങളും സേവനങ്ങള്‍ സ്തംഭിച്ചത് കണ്ട് അമ്പരന്നു. ഓണ്‍ലൈന്‍ സേവനങ്ങളുടെ തകരാറുകള്‍ നിരീക്ഷിക്കുന്ന ‘ഡൗണ്‍ഡിറ്റെക്ടറില്‍’ (Downdetector) ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് പരാതികളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
തകരാറിന് പിന്നിലെ കാരണം
സെര്‍വറുകളിലെ അപ്രതീക്ഷിത തകരാറുകളാണ് സേവനങ്ങള്‍ തടസ്സപ്പെടാന്‍ കാരണമായതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. സെര്‍വറുകളിലെ ഒരു പ്രത്യേക പ്രക്രിയയ്ക്ക് അമിതഭാരം നേരിട്ടതാണ് പ്രതിസന്ധിക്ക് വഴിവച്ചതെന്ന് കമ്പനിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ സെര്‍വറുകള്‍ക്ക് ഉപയോക്താക്കളുടെ റിക്വസ്റ്റുകള്‍ സ്വീകരിക്കാന്‍ കഴിയാതായി.
ഉപയോക്താക്കളുടെ തിരക്ക് വര്‍ധിച്ചതല്ല പ്രശ്നത്തിന് കാരണമെന്നും, മറിച്ച് ട്രാഫിക് നിയന്ത്രിക്കാന്‍ ആവശ്യമായ സെര്‍വറുകളുടെ എണ്ണം കുറഞ്ഞതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും മൈക്രോസോഫ്റ്റ് വിശദീകരിച്ചു. തകരാര്‍ തുടങ്ങിയ സമയത്ത് വരുത്തിയ പുതിയ നെറ്റ്വര്‍ക്ക് കോണ്ഫിഗറേഷന് മാറ്റം ഇതിന് കാരണമായോ എന്ന് പരിശോധിക്കാന്‍ കമ്പനി ആ മാറ്റം പിന്‍വലിച്ചു. കൂടാതെ, സെര്‍വറുകളുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി ചില പ്രദേശങ്ങളില്‍ താല്‍ക്കാലികമായി ട്രാഫിക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മൈക്രോസോഫ്റ്റിന്റെ അസൂര്‍ ക്ലൗഡ് പ്ലാറ്റ്ഫോമിലുണ്ടായ തകരാര്‍ ലോകമെമ്പാടുമുള്ള വിവിധ വ്യവസായങ്ങളെ ബാധിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വന്‍തോതിലുള്ള സേവന തടസ്സം ഉണ്ടായിരിക്കുന്നത്. സേവനങ്ങള്‍ ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
