വാഷിങ്ടണ്‍: അമേരിക്കയിലുടനീളം വ്യോമഗതാഗതം പൂര്‍ണ്ണമായും സ്തംഭിപ്പിച്ച അസാധാരണമായ ഗ്രൗണ്ട് സ്റ്റോപ്പ് പിന്‍വലിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (FAA) അറിയിച്ചു. എയര്‍ ട്രാഫിക് കണ്ട്രോള് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിക്കിടന്നത്.
രാജ്യത്തുടനീളമുള്ള വിമാന സര്‍വീസുകള്‍ നിയന്ത്രിക്കുന്ന എയര്‍ റൂട്ട് ട്രാഫിക് കണ്ട്രോള് സെന്ററുകളെ ബാധിച്ച ആശയവിനിമയ തകരാറാണ് വിമാനങ്ങള്‍ കൂട്ടത്തോടെ നിര്‍ത്തിവയ്ക്കാന്‍ കാരണമായത്. പൈലറ്റുമാര്‍ക്ക് എയര്‍ ട്രാഫിക് കണ്ട്രോള് (ATC) ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന റേഡിയോ ആശയവിനിമയ സംവിധാനം പ്രവര്‍ത്തനരഹിതമാകുന്ന ഫ്രീക്വന്‍സി തടസ്സമാണ് ഇവിടെ സംഭവിച്ചത്.

2023 ജനുവരിയിലാണ് ഇതിനുമുമ്പ് അമേരിക്കയില്‍ രാജ്യവ്യാപകമായി ഗ്രൗണ്ട് സ്റ്റോപ്പ് പ്രഖ്യാപിച്ചത്. അന്ന് പൈലറ്റുമാര്‍ക്കുള്ള നോട്ടിഫിക്കേഷന്‍ സംവിധാനത്തിലുണ്ടായ തകരാറായിരുന്നു വിമാന സര്‍വീസുകള്‍ തടസ്സപ്പെടാന്‍ കാരണമായത്. അതിനുമുമ്പ്, 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് ശേഷമാണ് അമേരിക്കന്‍ വ്യോമഗതാഗതം ഇതുപോലെ രാജ്യവ്യാപകമായി നിര്‍ത്തിവച്ചത്.
