ഒട്ടാവ: ആഗോള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി ലോകനേതാക്കൾ തുർക്കിയിലെ അന്റാലിയയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ COP31 കാലാവസ്ഥാ ഉച്ചകോടിയിൽ ഒത്തുചേരുമ്പോൾ കാനഡയുടെ കാലാവസ്ഥാ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനം. രാജ്യത്തിന് അന്താരാഷ്ട്ര തലത്തിൽ വിശ്വാസ്യതാ പ്രതിസന്ധിയുണ്ടെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയും വിമർശകരുടെയും ആരോപണം.

കാലാവസ്ഥാ സംരക്ഷണത്തിൽ ആഗോള നേതൃത്വം വഹിക്കുന്ന രാജ്യമായി സ്വയം അവതരിപ്പിക്കുന്ന കാനഡ, ആഭ്യന്തരതലത്തിൽ ഫോസിൽ ഇന്ധന ഉൽപ്പാദനവും അനുബന്ധ അടിസ്ഥാനസൗകര്യ വികസനവും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായുള്ള നയങ്ങളിൽ പിന്നോട്ടുപോകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വേദികളിൽ കാലാവസ്ഥാ നേതൃപദവി അവകാശപ്പെടുന്നത് വിശ്വാസ്യതയെ ബാധിക്കുമെന്ന് ക്ലൈമറ്റ് ആക്ഷൻ നെറ്റ്‌വർക്ക് കാനഡയിലെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത് നടപ്പാക്കിയിരുന്ന ഉപഭോക്തൃ കാർബൺ വിലനിർണയം ഉൾപ്പെടെയുള്ള ചില കാലാവസ്ഥാ നയങ്ങളിൽ നിലവിലെ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാർ മാറ്റങ്ങൾ വരുത്തിയിരുന്നു. എണ്ണ, വാതക മേഖലകളിലെ കാർബൺ പുറന്തള്ളൽ നിയന്ത്രണങ്ങൾ, ഇലക്ട്രിക് വാഹന വിൽപ്പന ലക്ഷ്യങ്ങൾ തുടങ്ങിയവയിലും നയപരമായ മാറ്റങ്ങളുണ്ടായി.
2030ഓടെ 2005ലെ നിലയുമായി താരതമ്യം ചെയ്യുമ്പോൾ ഹരിതഗൃഹ വാതക പുറന്തള്ളൽ 40 ശതമാനമെങ്കിലും കുറയ്ക്കണമെന്ന അന്താരാഷ്ട്ര ലക്ഷ്യം കൈവരിക്കുന്നതിൽ കാനഡ പിന്നിലാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ശുദ്ധമായ വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കുന്നതിനും മീഥേൻ പുറന്തള്ളൽ കുറയ്ക്കുന്നതിനും കാലാവസ്ഥാ ധനസഹായം നൽകുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. വികസ്വര രാജ്യങ്ങളെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സഹായിക്കുന്നതും കാനഡയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
എന്നാൽ ആഭ്യന്തര നയങ്ങളും അന്താരാഷ്ട്ര വേദികളിലെ പ്രഖ്യാപനങ്ങളും തമ്മിൽ വ്യക്തമായ പൊരുത്തമുണ്ടാകണമെന്നും കാലാവസ്ഥാ സംരക്ഷണത്തിന് പ്രഖ്യാപനങ്ങൾക്കപ്പുറം പ്രായോഗിക നടപടികൾ ആവശ്യമാണെന്നും പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെടുന്നു.
നവംബർ 9 മുതൽ 20 വരെ തുർക്കിയിലെ അന്റാലിയയിൽ നടക്കുന്ന COP31 ഉച്ചകോടിയിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള മാറ്റം, ശുദ്ധ ഊർജ വികസനം, വികസ്വര രാജ്യങ്ങൾക്കുള്ള കാലാവസ്ഥാ ധനസഹായം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയാകുന്നത്.
