Sunday, November 15, 2026

US വിമാന പ്രതിസന്ധി കാനഡയിലേക്കും; സർവീസുകൾ താളംതെറ്റി; യാത്രക്കാർ ദുരിതത്തിൽ

ടൊറന്റോ: യുഎസിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിന്റെ പ്രത്യാഘാതം കാനഡയിലേക്കും വ്യാപിച്ചു. വെള്ളിയാഴ്ച തടസ്സപ്പെട്ട വിമാന സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും വൻകൂവർ മുതൽ ഹാലിഫാക്സ് വരെയുള്ള വിമാനത്താവളങ്ങളിൽ യാത്രാ പ്രതിസന്ധി തുടരുകയാണ്. വിമാനങ്ങളുടെ പുതുക്കിയ സമയവിവരങ്ങൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യത്തിലാണ് യാത്രക്കാർ.

ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ അധിക ജീവനക്കാരെ നിയോഗിച്ചു. യാത്രക്കാർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും വിമാനത്താവള അധികൃതർ സ്വീകരിച്ചിട്ടുണ്ട്. സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) പുറപ്പെടുവിച്ച ഗ്രൗണ്ട് സ്റ്റോപ്പ് ഉത്തരവാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ അമേരിക്കയിലെ വിമാന സർവീസുകൾ നാല് മണിക്കൂറിലേറെ തടസ്സപ്പെട്ടു. വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിൽ പുതിയ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയതിനെത്തുടർന്ന് പഴയ ഉപകരണങ്ങൾക്ക് അമിതഭാരം അനുഭവപ്പെട്ടതായും ആശയവിനിമയ, റഡാർ സംവിധാനങ്ങളിൽ തടസ്സങ്ങളുണ്ടായതായും യുഎസ് സർക്കാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

അമേരിക്കയിലെ പ്രതിസന്ധി കനേഡിയൻ വിമാനക്കമ്പനികളുടെ സർവീസുകളെയും സാരമായി ബാധിച്ചു. ശനിയാഴ്ച മാത്രം ഏകദേശം 250 വിമാനങ്ങൾ റദ്ദാക്കിയതായി എയർ കാനഡ അറിയിച്ചു. ഇതോടെ 27,000 യാത്രക്കാരെ ബാധിച്ചു. വിമാനങ്ങളും ജീവനക്കാരും വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയതിനെത്തുടർന്ന് കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടിവന്നതായും കമ്പനി വ്യക്തമാക്കി.

പോർട്ടർ എയർലൈൻസിന്റെയും വെസ്റ്റ്‌ജെറ്റിന്റെയും സർവീസുകൾ സാധാരണ സമയക്രമത്തിലേക്ക് മടങ്ങാൻ വാരാന്ത്യം മുഴുവൻ വേണ്ടിവരുമെന്നാണ് അറിയിപ്പ്. യാത്ര പുനഃക്രമീകരിക്കാൻ കഴിയാത്തവർക്ക് ടിക്കറ്റ് തുക തിരികെ നൽകുമെന്ന് പോർട്ടർ എയർലൈൻസ് അറിയിച്ചു. വെസ്റ്റ്‌ജെറ്റ് ടിക്കറ്റ് മാറ്റുന്നതിനുള്ള ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂയോർക്കിൽ നിന്ന് എഡ്മിന്റനിലേക്ക് മടങ്ങാനിരുന്ന യാത്രക്കാരുടെ യാത്രയും ദിവസങ്ങളോളം വൈകി. താമസത്തിനായി ഹോട്ടലുകളെ ആശ്രയിക്കേണ്ടിവന്നതോടെ അധിക സാമ്പത്തിക ബാധ്യതയും നേരിടുന്നതായി യാത്രക്കാർ പറഞ്ഞു.

അമേരിക്കയിലെ സാങ്കേതിക തകരാറിനെത്തുടർന്നുണ്ടായ വിമാന പ്രതിസന്ധി നിയന്ത്രണവിധേയമാകുന്നുണ്ടെങ്കിലും കാനഡയിലെ വിവിധ വിമാനത്താവളങ്ങളിൽ സർവീസുകൾ പൂർണമായും പഴയ നിലയിലായിട്ടില്ല. വിമാനങ്ങളുടെ സമയക്രമത്തിലെ മാറ്റങ്ങളും റദ്ദാക്കലുകളും യാത്രക്കാരെ ഇപ്പോഴും ബുദ്ധിമുട്ടിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!