മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ പൊട്ടിവീണ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി ജുനൈദ് മരിച്ച സംഭവത്തിൽ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ. വെന്നിയൂർ സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയറെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വീഴ്ച വരുത്തിയ മറ്റ് ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകുമെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ജുനൈദിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായമായി 10 ലക്ഷം രൂപ അനുവദിക്കാനും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് നിർദേശം നൽകി. അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും അടിയന്തരമായി പരിശോധിക്കാനും നിർദേശമുണ്ട്.
അപകടസാധ്യതയുള്ള മേഖലകളിൽ പ്രത്യേക സുരക്ഷാ ഓഡിറ്റ് നടത്താനും വൈദ്യുതി വിതരണ സംവിധാനങ്ങളിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി പരിഹരിക്കാനും മന്ത്രി നിർദേശിച്ചു.
തിരൂരങ്ങാടി ചെറുമുക്കിൽ വീടിന് സമീപത്തെ വയലിൽ കൂട്ടുകാർക്കൊപ്പം പോയ ജുനൈദ് പൊട്ടിവീണ സ്റ്റേ വയറിൽ തട്ടിയാണ് ഷോക്കേറ്റത്. വൈദ്യുത ലൈനുമായി സമ്പർക്കത്തിലായിരുന്ന സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കെഎസ്ഇബിക്കെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രദേശത്തെ തകരാറിലായ സ്റ്റേ വയറുകളെക്കുറിച്ചും താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനുകളെക്കുറിച്ചും നേരത്തെ പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
അതേസമയം, സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ കലക്ടറും കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയറും 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
