ഓട്ടവ: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി വില്‍ക്കുന്ന കൃത്യതയില്ലാത്ത റഡോണ്‍ ഡിറ്റക്ടറുകള്‍ (Radon detectors) ഉപയോഗിക്കുന്നത് വീടുകളിലുള്ളവരെ അറിയാതെ തന്നെ മാരകമായ റേഡിയോ ആക്ടീവ് വാതകത്തിന് വിധേയരാക്കിയേക്കാമെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി. തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ഇലക്ട്രോണിക് മോണിറ്ററുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചതിന് പിന്നാലെ തിങ്കളാഴ്ച പുറത്തിറക്കിയ പൊതുജനാരോഗ്യ അറിയിപ്പിലാണ് അംഗീകൃത പരിശോധനാ ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ഏജന്‍സി നിര്‍ദ്ദേശിച്ചത്.
മണ്ണിലും പാറകളിലുമുള്ള യുറേനിയം വിഘടിക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന റേഡിയോ ആക്ടീവ് വാതകമാണ് റഡോണ്‍. നിറമോ മണമോ രുചിയോ ഇല്ലാത്ത ഈ വാതകം വീടുകള്‍ക്കുള്ളില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. കാനഡയില്‍ പുകവലി കഴിഞ്ഞാല്‍ ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്ന രണ്ടാമത്തെ പ്രധാന ഘടകം ഉയര്‍ന്ന അളവിലുള്ള റഡോണ്‍ വാതകം ദീര്‍ഘകാലം ശ്വസിക്കുന്നതാണ്.

നിലവാരമില്ലാത്ത ഡിറ്റക്ടറുകള്‍ യഥാര്‍ത്ഥ അളവിനേക്കാള്‍ കൂടുതലോ കുറവോ ആയ റീഡിംഗുകളാണ് കാണിക്കുന്നത്. അപകടകരമായ അളവില്‍ വാതകമുണ്ടായിട്ടും സുരക്ഷിതമാണെന്ന തെറ്റായ ഫലം ലഭിക്കുന്നതിലൂടെ വീട്ടുടമകള്‍ അപകടാവസ്ഥ തിരിച്ചറിയാതെ പോകുന്നതാണ് ഏറ്റവും വലിയ ആശങ്കയെന്ന് ഹെല്‍ത്ത് കാനഡ വ്യക്തമാക്കി. ആമസോണ്‍ കാനഡ (Amazon.ca) വഴി വിറ്റഴിച്ച ഇങ്ക്‌ബേര്‍ഡ് (InkBird), ലൈഫ് ബേസിസ് (Life Basis), ഹാന്‍ചെന്‍ (Hanchen), സ്‌പോലെലി (Spolehli) തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉപകരണങ്ങള്‍ക്കെതിരെ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പരിശോധന നടത്തേണ്ട രീതി:
- വീടുകള്‍ കൂടുതല്‍ അടച്ചിടുന്ന ശൈത്യകാലത്താണ് റാഡോണ്‍ അളവ് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയത്ത് പരിശോധന നടത്താന്‍ ഹെല്‍ത്ത് കാനഡ നിര്‍ദ്ദേശിക്കുന്നു.
- വീടുകളിലെ ശരാശരി റാഡോണ്‍ അളവ് കൃത്യമായി അറിയാന്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും നീണ്ടുനില്‍ക്കുന്ന ദീര്‍ഘകാല പരിശോധനയാണ് ഏറ്റവും ഉചിതം.
- കനേഡിയന്‍ നാഷണല്‍ റാഡോണ്‍ പ്രൊഫിഷ്യന്‍സി പ്രോഗ്രാമിന്റെ (Canadian National Radon Proficiency Program) ഗുണനിലവാര പരിശോധന വിജയിച്ച ഇലക്ട്രോണിക് മോണിറ്ററുകള്‍ മാത്രം വാങ്ങുക.
- തിരിച്ചുവിളിച്ച ഉപകരണങ്ങള്‍ കൈവശമുള്ളവര്‍ അവയുടെ ഉപയോഗം ഉടന്‍ നിര്‍ത്തുകയും മുനിസിപ്പല്‍ ഇലക്ട്രോണിക് മാലിന്യ സംസ്‌കരണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നശിപ്പിക്കുകയും വേണം.
