Wednesday, November 18, 2026

B.Cയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിക്ക് നേരെ ആക്രമണം; 20കാരിക്ക് പരുക്ക്, മൂന്ന് പേർ അറസ്റ്റിൽ

വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ പ്രിൻസ് ജോർജിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 20 വയസ്സുകാരിയായ സ്റ്റോർ മാനേജർക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം മൂന്ന് പേരെ പ്രിൻസ് ജോർജ് ആർ.സി.എം.പി (RCMP) അറസ്റ്റ് ചെയ്തു.

കോളേജ് ഹൈറ്റ്‌സിലുള്ള ‘സേവ്-ഓൺ-ഫുഡ്സ്’ (Save-On-Foods) സൂപ്പർമാർക്കറ്റിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഏകദേശം 2,600 ഡോളർ വിലമതിക്കുന്ന പലചരക്ക് സാധനങ്ങൾ പണം നൽകാതെ കടത്താൻ മൂന്നംഗ സംഘം ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം.

മോഷണശ്രമം ശ്രദ്ധയിൽപ്പെട്ട 20-കാരിയായ മാനേജർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. തങ്ങൾ നിരീക്ഷിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ സംഘം, സാധനങ്ങൾ നിറച്ച ട്രോളി അവിടെ ഉപേക്ഷിച്ച് പുറത്തേക്ക് കടക്കുന്നതിനിടെ മാനേജരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഘർഷം ഒഴിവാക്കാൻ ഇടപെട്ട മറ്റൊരു മാനേജരെയും അക്രമികൾ മർദ്ദിച്ചു. ശരീരമാസകലം പരുക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതികളെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ വെച്ച് പൊലീസ് പിന്തുടർന്ന് പിടികൂടി. പ്രിൻസ് ജോർജ് സ്വദേശികളായ ഡസ്റ്റിൻ വിൽസൺ (24), സിഡ്നി കാർഡിനൽ (23), 17 വയസ്സുകാരിയായ പെൺകുട്ടി എന്നിവരാണ് പിടിയിലായത്. മൂന്ന് പേർക്കെതിരെയും ആക്രമണത്തിന് കേസെടുത്തിട്ടുണ്ട്. പിടിയിലായ ഡസ്റ്റിൻ വിൽസൺ മുൻപും സമാനമായ അക്രമക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, റീട്ടെയിൽ മേഖലയിലെ ജീവനക്കാർക്ക് നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമസ്ഥരായ പാറ്റിസൺ ഫുഡ് ഗ്രൂപ്പ് പ്രസിഡന്റ് ജെയ്മി നെൽസൺ കടുത്ത ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ തങ്ങളുടെ സ്ഥാപനത്തിലെ മാനേജർക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിതെന്നും, കുറ്റവാളികൾക്കെതിരെ ഭരണകൂടം കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രിൻസ് ജോർജ് മേയർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!