ദോഹ: കാല്‍പ്പന്തുകളിയുടെ ആവേശത്തിന് തുടക്കമിട്ട് ഫിഫ അണ്ടര്‍-17 ലോകകപ്പിന് ഇന്ന് ഖത്തറില്‍ കിക്കോഫ്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ ദോഹ ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് വൈകിട്ട് 6.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ പാനമയെ നേരിടും.
25 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 45 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. എട്ട് വേദികളിലായി ആകെ 104 മത്സരങ്ങള്‍ അരങ്ങേറും. ആസ്പയര് സോണിലെ മൈതാനങ്ങളില്‍ ഇന്ന് മാത്രം എട്ട് മത്സരങ്ങള്‍ നടക്കും. ഡിസംബര്‍ 13-ന് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടം.

ടൂര്‍ണമെന്റിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി അറിയിച്ചു. ആരാധകര്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാരായ കാണികള്‍ക്കായി വീല്‍ചെയര്‍ സൗകര്യമുള്ള പ്രത്യേക ഇരിപ്പിടങ്ങളും ഫാന്‍ സോണില്‍ മൊബൈല്‍ സെന്‍സറി റൂമും സജ്ജമാക്കിയിട്ടുണ്ട്.
ഒരേ ദിവസം ഒന്നിലധികം മത്സരങ്ങള്‍ കാണാന്‍ സാധിക്കുന്ന തരത്തിലാണ് ടിക്കറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒന്നിലേറെ മത്സരങ്ങളും ഫാന്‍ സോണ്‍ പ്രവേശനവും ലഭിക്കുന്ന ഡേ പാസിന് 20 ഖത്തറി റിയാല്‍ ആണ് നിരക്ക്. മത്സരങ്ങള്‍ക്ക് പുറമെ സാംസ്കാരിക പരിപാടികള്‍ ആസ്വദിക്കുന്നതിനായി പ്രത്യേക ഫാന്‍ സോണും സജ്ജമാണ്.
