Friday, November 20, 2026

ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്: കോവിഡിനേക്കാള്‍ മാരകമായേക്കാമെന്ന് കനേഡിയന്‍ ഗവേഷകര്‍

റെജൈന: ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളെ അതിജീവിക്കാന്‍ രോഗാണുക്കള്‍ ശേഷി നേടുന്ന ‘ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്’ (Antimicrobial Resistance – AMR) എന്ന ‘നിശ്ശബ്ദ മഹാമാരി’ക്കെതിരെ (Silent Pandemic) ബോധവല്‍ക്കരണവുമായി റെജൈന സര്‍വ്വകലാശാലയിലെ ഗവേഷകര്‍. ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങള്‍ എന്നിവയെ നശിപ്പിക്കാന്‍ നല്‍കുന്ന മരുന്നുകള്‍ ഫലപ്രദമല്ലാതാകുന്ന ഈ അവസ്ഥയ്ക്ക് കൃത്യമായ പരിഹാരം കണ്ടില്ലെങ്കില്‍, അത് കോവിഡ്-19 മഹാമാരിയേക്കാള്‍ മാരകമായേക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്താണ് ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ്?

രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കാതാവുകയും ‘സൂപ്പര്‍ബഗ്ഗുകളായി’ (Superbugs) മാറുകയും ചെയ്യുന്ന അവസ്ഥയാണിതെന്ന് റെജൈന സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറും കാനഡ റിസര്‍ച്ച് ചെയറുമായ ഡോ. ഒമര്‍ എല്‍-ഹല്‍ഫാവി വിശദീകരിച്ചു. ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനത്തെ തടയുന്ന പ്രത്യേക കവചങ്ങള്‍ രോഗാണുക്കള്‍ വികസിപ്പിച്ചെടുക്കുന്നു. ഇത് ചികിത്സ പരാജയപ്പെടുന്നതിലേക്ക് നയിക്കുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ പടരുന്നതിനാലാണ് ഇതിനെ ‘നിശ്ശബ്ദ മഹാമാരി’ എന്ന് വിളിക്കുന്നതെന്ന് പി.എച്ച്.ഡി വിദ്യാര്‍ത്ഥി ജോഷ്വ ആഡംസ് പറഞ്ഞു.

ഞെട്ടിക്കുന്ന കണക്കുകള്‍

കാനഡയിലും ആഗോളതലത്തിലും ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് വര്‍ധിച്ചുവരികയാണെന്ന് ഡോ. എല്‍-ഹല്‍ഫാവി ചൂണ്ടിക്കാട്ടുന്നു. കൗണ്‍സില്‍ ഓഫ് കനേഡിയന്‍ അക്കാദമിസിന്റെ 2019-ലെ റിപ്പോര്‍ട്ട് പ്രകാരം, 2018-ല്‍ ഒരു വര്‍ഷത്തിനിടെ കാനഡയില്‍ 14,000 പേരാണ് ഇതുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിച്ചത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ 2050-ഓടെ കാനഡയില്‍ മാത്രം 5 ലക്ഷം (500,000) പേര്‍ക്കും, ആഗോളതലത്തില്‍ ഒരു കോടിയിലധികം (10 million) പേര്‍ക്കും ജീവന്‍ നഷ്ടമായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം വില്ലനാകുന്നു

ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗമാണ് ഈ പ്രതിസന്ധി രൂക്ഷമാക്കുന്നത്. ചികിത്സയില്‍ ആന്റിബയോട്ടിക്കുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെങ്കിലും അവ അമിതമായി ആശ്രയിക്കുന്നത് അപകടകരമാണെന്ന് ഡോ. എല്‍-ഹല്‍ഫാവി ഓര്‍മ്മിപ്പിക്കുന്നു. ബാക്ടീരിയല്‍ അണുബാധയുള്ളപ്പോള്‍ മാത്രം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇവ ഉപയോഗിക്കുക. രോഗങ്ങള്‍ വരാതെ സൂക്ഷിക്കുക എന്നതാണ് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് ബോധവല്‍ക്കരണ വാരത്തോടനുബന്ധിച്ച് (World AMR Awareness Week), സസ്‌കച്വാന്‍ സയന്‍സ് സെന്ററില്‍ ഈ ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 4 മണി വരെ ‘ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് അവയര്‍നെസ്: മൈക്രോബ് മാഡ്നെസ്’ (Microbe Madness) എന്ന പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!