Friday, November 20, 2026

ബ്രാംപ്ടണ്‍ പ്ലാന്റിന്റെ ഭാവി തുലാസില്‍; സ്റ്റെല്ലാന്റിസുമായുള്ള നിര്‍ണ്ണായക ചര്‍ച്ച ഇന്ന്

ഓട്ടവ: ഒന്റാരിയോയിലെ ബ്രാംപ്ടണ്‍ അസംബ്ലി പ്ലാന്റ് പ്രതിരോധ കരാറുകാരായ റോഷലിന് (Roshel) വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്റ്റെല്ലാന്റിസ് (Stellantis) പിന്മാറാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വ്യവസായ മന്ത്രി മെലാനി ജോളി, ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്, യൂണിഫോര്‍ ദേശീയ പ്രസിഡന്റ് ലാന പെയ്ന്‍ എന്നിവര്‍ കമ്പനി പ്രതിനിധികളുമായി വെള്ളിയാഴ്ച നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ഈ വിവരം പുറത്തുവരുന്നത്. സ്റ്റെല്ലാന്റിസ് ഗ്ലോബല്‍ സി.ഇ.ഒ അന്റോണിയോ ഫിലോസ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും. പ്ലാന്റ് വില്‍പ്പനയുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് കമ്പനിയെന്ന് ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

നവംബര്‍ 12-ന് നടന്ന യോഗത്തില്‍, 2022-ലെ ഫണ്ടിംഗ് കരാര്‍ ലംഘിച്ചതിന് സ്റ്റെല്ലാന്റിസിനെതിരെ കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസെടുക്കുമെന്ന് മന്ത്രി മെലാനി ജോളി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറ്റിയ സര്‍ക്കാര്‍, പ്ലാന്റ് നിലനിര്‍ത്തുകയാണെങ്കില്‍ കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ചത്തെ യോഗത്തില്‍, വില്‍പ്പനയ്ക്ക് ശേഷമുള്ള തങ്ങളുടെ ഭാവി പദ്ധതികളെക്കുറിച്ചും കാനഡയിലെ മറ്റ് നിര്‍മ്മാണ കേന്ദ്രങ്ങളുടെ ദീര്‍ഘകാല സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചുമാണ് സ്റ്റെല്ലാന്റിസ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. വ്യാവസായിക കാര്‍ബണ്‍ വില ഉള്‍പ്പെടെയുള്ള ഫെഡറല്‍ നിയന്ത്രണങ്ങളുടെ ഉയര്‍ന്ന ചിലവ് കമ്പനിക്ക് വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, കാര്‍ബണ്‍ നികുതിയില്‍ ഇളവ് നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തയ്യാറായേക്കില്ലെന്നാണ് സൂചന.

നവംബര്‍ 9-ന് പ്ലാന്റ് വില്‍പ്പന പ്രഖ്യാപിച്ചതിന് പിന്നാലെ ഏകദേശം 2,200 വാഹന നിര്‍മ്മാണ തൊഴിലാളികളാണ് തൊഴില്‍ നഷ്ടം നേരിടുന്നത്. പിരിച്ചുവിടപ്പെടുന്ന സ്റ്റെല്ലാന്റിസ് ജീവനക്കാര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കുമെന്ന് റോഷല്‍ അറിയിച്ചിട്ടുണ്ടെങ്കിലും, എത്രപേരെ നിയമിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. കൂടാതെ നിലവിലുള്ള യൂണിയന്‍ കരാര്‍ തുടരുകയുമില്ല. അതേസമയം, തൊഴിലാളികളില്‍ 60 ശതമാനത്തോളം പേര്‍ പെന്‍ഷന് അര്‍ഹരാണെന്നും അവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുമെന്നും സ്റ്റെല്ലാന്റിസ് വ്യക്തമാക്കിയിട്ടുണ്ട്.

പ്ലാന്റ് വില്‍പ്പനയെ ആദ്യം വഞ്ചന എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, പിന്നീട് ഇതിനെ ഭാഗികമായ പരിഹാരം എന്നാണ് വിശേഷിപ്പിച്ചത്. വില്‍പ്പനയ്ക്ക് മുമ്പ് ഒക്ടോബറില്‍ മാത്രം ഫെഡറല്‍ ഉദ്യോഗസ്ഥര്‍ സ്റ്റെല്ലാന്റിസ് പ്രതിനിധികളുമായി 19 തവണയും റോഷലുമായി 10 തവണയും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ തങ്ങള്‍ ഈ ഇടപാടിന് അംഗീകാരം നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, വില്‍പ്പന പൂര്‍ണ്ണമായി ഉറപ്പിച്ചിരുന്നെങ്കില്‍ ഇത്തരമൊരു യോഗം നടക്കില്ലായിരുന്നുവെന്നും, സ്റ്റെല്ലാന്റിസിന് നിരസിക്കാന്‍ കഴിയാത്ത മികച്ച വാഗ്ദാനം മുന്നോട്ടുവെക്കാന്‍ സര്‍ക്കാരിന് ഇപ്പോഴും സാധിക്കുമെന്നും ഓട്ടോമോട്ടീവ് പാര്‍ട്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഫ്‌ലാവിയോ വോള്‍പ്പ് അഭിപ്രായപ്പെട്ടു. എന്നാല്‍, ആഗോളതലത്തില്‍ പ്രതിസന്ധി നേരിടുന്ന സ്റ്റെല്ലാന്റിസ് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!