ടൊറന്റോ: നവംബർ പകുതിയിലും അസാധാരണമായ ചൂട് തുടരുന്ന ടൊറന്റോയിൽ അടുത്തയാഴ്ചയോടെ കാലാവസ്ഥയിൽ വലിയ മാറ്റത്തിന് സാധ്യത. താപനില കുത്തനെ താഴുന്നതിനൊപ്പം നേരിയ മഞ്ഞുവീഴ്ചയും ഉണ്ടായേക്കുമെന്ന് എൻവയൺമെന്റ് കാനഡയുടെ കാലാവസ്ഥാ പ്രവചനം.
വാരാന്ത്യം വരെ തെളിഞ്ഞ ആകാശവും വെയിലും തുടരുമെന്നാണ് പ്രവചനം. വെള്ളി, ശനി ദിവസങ്ങളിൽ 14 ഡിഗ്രിയും ഞായറാഴ്ച 11 ഡിഗ്രിയുമായിരിക്കും പ്രതീക്ഷിക്കുന്ന ഉയർന്ന താപനില.
എന്നാൽ നവംബർ മാസത്തിലെ സാധാരണ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ഈ താപനില കൂടുതലാണ്. നവംബർ 19-ന് ടൊറന്റോയിലെ ചരിത്രപരമായ ശരാശരി ഉയർന്ന താപനില 7.5 ഡിഗ്രി സെൽഷ്യസാണ്.

ഞായറാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആകാശം മേഘാവൃതമാകുന്നതിനൊപ്പം മഴയ്ക്കും സാധ്യതയുണ്ട്. തുടർന്ന് തിങ്കളാഴ്ചയോടെ താപനില കുത്തനെ താഴ്ന്ന് മൈനസ് നാല് ഡിഗ്രി സെൽഷ്യസിലെത്തിയേക്കും.
തിങ്കളാഴ്ച നേരിയ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നാണ് എൻവയൺമെന്റ് കാനഡയുടെ പ്രവചനം. ഇതോടെ നവംബറിലെ അസാധാരണമായ ചൂടിന് വിരാമമിട്ട് ടൊറന്റോയിൽ ശൈത്യകാലത്തിന് സമാനമായ കാലാവസ്ഥ തിരിച്ചെത്തിയേക്കും.
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ യാത്ര ചെയ്യുന്നവരും പുറത്തിറങ്ങുന്നവരും തണുപ്പിനും മഞ്ഞുവീഴ്ചയ്ക്കും അനുസരിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
