ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയും തുടര്‍ച്ചയായ വിമാന സര്‍വീസുകള്‍ റദ്ദാക്കലും നേരിടുന്ന സ്പൈസ് ജെറ്റിന് (SpiceJet) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. വിമാന സര്‍വീസുകളിലെ വീഴ്ചകള്‍, ചട്ടലംഘനങ്ങള്‍, കുടിശ്ശികകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. നവംബര്‍ 17-ന് നല്കിയ നോട്ടീസില്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനങ്ങളുടെ നിലവിലെ അവസ്ഥയും പ്രവര്‍ത്തന പദ്ധതിയും വ്യക്തമാക്കാനും ഡി.ജി.സി.എ നിര്‍ദ്ദേശിച്ചു.
സ്പൈസ് ജെറ്റിന്റെ ഭൂരിഭാഗം വിമാനങ്ങളും നിലവില്‍ സര്‍വീസ് നടത്താനാകാത്ത അവസ്ഥയിലാണെന്ന് ഡി.ജി.സി.എ ചൂണ്ടിക്കാട്ടുന്നു. ഇവ വീണ്ടും സര്‍വീസിന് സജ്ജമാക്കാനുള്ള വിശ്വസനീയമായ പദ്ധതി സമര്‍പ്പിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും വര്‍ധിച്ചതും, കൃത്യസമയത്തുള്ള പ്രവര്‍ത്തനം കുത്തനെ കുറഞ്ഞതും, സമയക്രമം പാലിക്കാത്തതും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സര്‍വീസ് തടസ്സപ്പെടുമ്പോള്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും കമ്പനിക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

നവംബര്‍ 19-ന് സ്പൈസ് ജെറ്റിന്റെ കൃത്യസമയ സര്‍വീസ് നിരക്ക് വെറും 25 ശതമാനമായിരുന്നു; മറ്റ് പ്രധാന വിമാനക്കമ്പനികളുടേത് 80 ശതമാനത്തിന് മുകളിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സ്പൈസ് ജെറ്റിന്റെ പകുതിയിലധികം സര്‍വീസുകളും റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. വിമാന ഇന്‍ഷുറന്‍സ് പുതുക്കുന്നതിലെ അനിശ്ചിതത്വം, വിദേശ വിമാനത്താവളങ്ങളിലെ സേവനദാതാക്കള്‍ക്ക് പണം നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ തടസ്സങ്ങള്‍, നേരത്തെ ചുമത്തിയ പിഴ അടയ്ക്കാത്തത് തുടങ്ങിയ വിഷയങ്ങളിലും വിശദീകരണം തേടിയിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളവിതരണത്തിലെ കാലതാമസവും കുടിശ്ശികകളും കമ്പനിയുടെ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
അതേസമയം, സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായി 5,500 കോടി രൂപ വരെ സമാഹരിക്കാനുള്ള നിര്‍ദ്ദേശത്തിന് നവംബര്‍ 18-ന് സ്പൈസ് ജെറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനും പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാനുമാണ് ഫണ്ട് സമാഹരിക്കുന്നത്.
