അങ്കാറ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ പരസ്പര സഹകരണം ശക്തമാക്കാൻ സൗദി അറേബ്യയും തുർക്കിയും ചർച്ച നടത്തി. സൗദി ഊർജ, വ്യവസായ, ധാതുവിഭവ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും തുർക്കി പരിസ്ഥിതി, നഗരവൽക്കരണം, കാലാവസ്ഥാ വ്യതിയാന മന്ത്രി മുറാദ് കുറുമും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്. തുർക്കിയിലെ അന്റാലിയയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 31-ാമത് കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച.
ഉച്ചകോടിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പുരോഗതികൾ ഇരുവരും വിലയിരുത്തി. ഓരോ രാജ്യത്തിന്റെയും ദേശീയ സാഹചര്യങ്ങളും മുൻഗണനകളും പരിഗണിച്ച് പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ചർച്ചയായി.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ സന്തുലിതവും സമഗ്രവുമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി സംയുക്തമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രിമാർ വിലയിരുത്തി. കാലാവസ്ഥാ പ്രവർത്തനങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
