കിയവ്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. യുക്രെയ്ൻ ജനതയെ സംബന്ധിച്ചിടത്തോളം പുടിൻ ശത്രുവും കൊലയാളിയുമാണെന്ന് അദ്ദേഹം പറഞ്ഞു. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ചൈനയിൽ നടന്ന എപെക് ഉച്ചകോടിക്കിടെ പുടിനെ സുഹൃത്തെന്ന് ട്രംപ് വിശേഷിപ്പിച്ചതാണ് സെലൻസ്കിയെ ചൊടിപ്പിച്ചത്. പുടിയെ എന്തുവിളിക്കണമെന്നത് ട്രംപിന്റെ വ്യക്തിപരമായ തീരുമാനമാണെങ്കിലും യുക്രെയ്നെ സംബന്ധിച്ച് അദ്ദേഹം കൊലയാളിയാണെന്ന് സെലൻസ്കി വ്യക്തമാക്കി.
അതിനിടെ, യുക്രെയ്നിൽ റഷ്യൻ ആക്രമണം ശക്തമായി തുടരുകയാണ്. സെലൻസ്കിയുടെ ജന്മനാടായ ക്രിവി റിഹിൽ നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെടുകയും 52 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഖാർകിവ്, റിവ്നെ മേഖലകളിലും ആക്രമണങ്ങളിൽ ആളുകൾക്ക് പരുക്കേറ്റു.

കിയവിലെ പാലങ്ങളും റെയിൽവേ സ്റ്റേഷനുകളും ലക്ഷ്യമിട്ട് വെള്ളിയാഴ്ച നടത്തിയ റഷ്യൻ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. 400ലധികം ഡ്രോണുകളും 110 മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചതായാണ് യുക്രെയ്ൻ അധികൃതരുടെ കണക്ക്.
യുദ്ധം അവസാനിപ്പിക്കാൻ പുടിനും സെലൻസ്കിയും ആഗ്രഹിക്കുന്നുണ്ടെന്നും ഇരുനേതാക്കളുമായും തനിക്ക് നല്ല ബന്ധമുണ്ടെന്നും ട്രംപ് പ്രതികരിച്ചിരുന്നു. എന്നാൽ പുടിനെ സുഹൃത്തായി വിശേഷിപ്പിക്കുന്നത് അദ്ദേഹത്തിനുമേൽ ആവശ്യമായ സമ്മർദമില്ലെന്നതിന്റെ സൂചനയാണെന്ന് സെലൻസ്കി വിമർശിച്ചു.
ഇതിനിടെ, യുക്രെയ്ൻ അതിർത്തിക്ക് സമീപം പോളണ്ടിന്റെ വ്യോമാതിർത്തി ലംഘിച്ച മൂന്ന് വസ്തുക്കളിലൊന്ന് റഷ്യൻ ക്രൂയിസ് മിസൈലാണെന്ന് പോളണ്ട് സ്ഥിരീകരിച്ചു. സംഭവത്തെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അപലപിച്ചു. യുക്രെയ്ൻ യുദ്ധം യൂറോപ്പിന്റെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് പോളിഷ് വിദേശകാര്യ മന്ത്രി റാഡോസ്ലാവ് സിക്കോർസ്കി മുന്നറിയിപ്പ് നൽകി.
