Sunday, November 22, 2026

കാനഡയിലെ സൂപ്പർ മാർ‍ക്കറ്റിനു പുറത്ത് വെടിവയ്പ്പ്; ഇന്ത്യൻ വംശജരായ ദമ്പതികൾ മരിച്ചു

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സറേ നഗരത്തിൽ ഇന്ത്യൻ വംശജരായ യുവാവും യുവതിയും വെടിയേറ്റ് മരിച്ചു. ഗഗൻപ്രീത് രേഹൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. സറേയിലെ വാൾമാർട്ട് സ്റ്റോറിന്റെ പാർക്കിങ് ഏരിയയിലാണ് സംഭവം.

നവംബർ 15 രാത്രി 10.38ഓടെയാണ് വെടിയേറ്റ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സമീപപ്രദേശമായ ഡെൽറ്റയിലാണ് ഇരുവരും താമസിച്ചിരുന്നത്.

സംഭവം ആസൂത്രിത ആക്രമണമാണെന്നാണ് അന്വേഷണ സംഘമായ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (IHIT) സംശയിക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗഗൻപ്രീത് മുൻപ് ആയുധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും സുഖ്ജീത് കൗറിന് കാനഡയിൽ പരിമിതമായ പരിചയക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അന്വേഷണ സംഘം അറിയിച്ചു.

വെടിവെപ്പിന് പിന്നാലെ ഏകദേശം 13–15 മിനിറ്റിനുള്ളിൽ സമീപത്തെ മറ്റൊരു സ്ഥലത്ത് കാർ കത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കത്തിനശിച്ച കാർ അക്രമികൾ ഉപയോഗിച്ച വാഹനമാണോയെന്നും സംഭവവുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഡാഷ്‌ക്യാം ദൃശ്യങ്ങളും പരിശോധിക്കുകയാണ് പൊലീസ്. സംഭവത്തെക്കുറിച്ച് വിവരമുള്ളവർ അന്വേഷണ സംഘത്തെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!