Monday, November 23, 2026

സ്പീഡ് ക്യാമറ നിരോധനം: ടൊറന്റോയ്ക്ക് 29 മില്യൺ ഡോളർ ധനസഹായം

ടൊറന്റോ: സ്പീഡ് ക്യാമറകൾ നിരോധിച്ചതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ടൊറന്റോയ്ക്ക് 29.19 മില്യൺ ഡോളർ ധനസഹായം നൽകാൻ ഒന്റാരിയോ സർക്കാർ തീരുമാനിച്ചു. സ്കൂൾ ക്രോസിങ് ഗാർഡുകളുടെ ചെലവുകൾക്കായാണ് തുക അനുവദിക്കുന്നത്. എന്നാൽ ഒറ്റത്തവണ മാത്രമായിരിക്കും ഈ സഹായമെന്നും നഗരസഭയ്ക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

2025 നവംബർ പകുതിയോടെയാണ് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ സർക്കാർ സ്പീഡ് ക്യാമറകൾ നിരോധിച്ചത്. ക്യാമറകൾ വേഗനിയന്ത്രണത്തിന് പകരം പണം പിരിക്കാനുള്ള ഉപാധിയായി നഗരങ്ങൾ ഉപയോഗിക്കുന്നുവെന്നായിരുന്നു ഫോർഡിന്റെ വിമർശനം. ഇതോടെ പ്രവിശ്യയിലുടനീളമുള്ള നഗരസഭകൾ ക്യാമറകൾ പ്രവർത്തനരഹിതമാക്കി.

2025 ജനുവരി 21 മുതൽ ഓഗസ്റ്റ് 31 വരെ ടൊറന്റോയിലെ ഓട്ടോമേറ്റഡ് സ്പീഡ് എൻഫോഴ്‌സ്‌മെന്റ് പദ്ധതിയിലൂടെ 30.4 മില്യൺ ഡോളർ വരുമാനം ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് ക്രോസിങ് ഗാർഡുകൾ, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ചെലവുകൾക്കായി നഗരസഭ പണം കണ്ടെത്തിയിരുന്നത്. എന്നാൽ സ്പീഡ് ക്യാമറകൾ നിരോധിച്ചതോടെ ട്രാഫിക് പിഴകളിൽ നിന്നുള്ള വരുമാനം നിലച്ചത് നഗരസഭയുടെ റോഡ് സുരക്ഷാ പദ്ധതികളെ ബാധിച്ചിരുന്നു.

അതേസമയം, സ്പീഡ് ക്യാമറകൾ നീക്കം ചെയ്തതോടെ അമിതവേഗത്തിൽ വാഹനമോടിക്കുന്നവരുടെ എണ്ണം വർധിച്ചതായി നഗരസഭയുടെ റിപ്പോർട്ടിൽ പറയുന്നു. ക്യാമറകളുണ്ടായിരുന്ന പ്രദേശങ്ങളിൽ അമിതവേഗക്കാരുടെ നിരക്ക് രണ്ട് ശതമാനത്തിൽനിന്ന് 8.1 ശതമാനമായി ഉയർന്നു.

ഒറ്റത്തവണത്തെ ധനസഹായം മാത്രം പ്രശ്നത്തിന് പരിഹാരമാകില്ലെന്നാണ് ടൊറന്റോ ഡെപ്യൂട്ടി മേയർ ഓസ്മ മാലിക്കിന്റെ പ്രതികരണം. സ്പീഡ് ക്യാമറകൾ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കിയത് നഗരത്തിലെ റോഡുകളെ കൂടുതൽ അപകടസാധ്യതയുള്ളതാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി.

ക്രോസിങ് ഗാർഡുകൾക്കുള്ള ധനസഹായം സ്വാഗതാർഹമാണെങ്കിലും നഗരത്തിന് ആവശ്യമായ റോഡ് സുരക്ഷാ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ ഇത് മതിയാകില്ലെന്നും മാലിക് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!