ഡൽഹി: കംപ്യൂട്ടറിലും ലാപ്ടോപ്പിലും വാട്സാപ്പ് വെബ് ഉപയോഗിച്ചശേഷം ലോഗ് ഔട്ട് ചെയ്യാതെ പോകുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി. സജീവമായി തുടരുന്ന വാട്സാപ്പ് വെബ് സെഷനുകൾ ദുരുപയോഗം ചെയ്ത് സൈബർ കുറ്റവാളികൾക്ക് സ്വകാര്യ സന്ദേശങ്ങൾ ചോർത്താനും അക്കൗണ്ട് നിയന്ത്രണം കൈക്കലാക്കാനും കഴിയുമെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) മുന്നറിയിപ്പ് നൽകി.
ബ്രൗസർ ടാബ് അടച്ചതുകൊണ്ട് മാത്രം ലോഗിൻ സെഷൻ അവസാനിക്കില്ല. അതിനാൽ ഉപയോഗശേഷം വാട്സാപ്പിൽ നിന്ന് നേരിട്ട് ലോഗ് ഔട്ട് ചെയ്യണം. സന്ദേശങ്ങൾ, കോൺടാക്ടുകൾ, ഗ്രൂപ്പ് സംഭാഷണങ്ങൾ എന്നിവ മറ്റുള്ളവർക്ക് ലഭിക്കാനും അക്കൗണ്ട് ഉടമയുടെ പേരിൽ തട്ടിപ്പ് സന്ദേശങ്ങൾ അയയ്ക്കാനും സാധ്യതയുണ്ടെന്ന് ഏജൻസി വ്യക്തമാക്കി.

ഓഫീസ് കംപ്യൂട്ടറുകളിലും പൊതുവായി ഉപയോഗിക്കുന്ന ഉപകരണങ്ങളിലും വാട്സാപ്പ് വെബ് ലോഗിൻ ചെയ്യുമ്പോൾ പ്രത്യേക ജാഗ്രത വേണം. സൈബർ കഫേകളിലും മറ്റുള്ളവരുടെ കംപ്യൂട്ടറുകളിലും ലോഗിൻ ചെയ്യുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ ഉപയോഗശേഷം ലോഗ് ഔട്ട് ചെയ്യുക, ലിങ്ക് ചെയ്ത ഉപകരണങ്ങൾ പരിശോധിക്കുക, ബ്രൗസറും ഓപ്പറേറ്റിങ് സിസ്റ്റവും സുരക്ഷാ സോഫ്റ്റ്‌വെയറുകളും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ മുൻകരുതലുകളും സ്വീകരിക്കണം.
അക്കൗണ്ടിൽ നിന്ന് അറിയാത്ത സന്ദേശങ്ങൾ അയയ്ക്കപ്പെടുകയോ അസാധാരണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ സുരക്ഷ ഉടൻ പരിശോധിക്കണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.
