കൊച്ചി: വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനൊരുങ്ങി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല. ഹൈക്കോടതി വിധി ഭാവിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. ഇതുസംബന്ധിച്ച് വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും പ്രാഥമിക ചർച്ചകൾ നടത്തി. വിദഗ്ധ നിയമോപദേശം തേടിയശേഷം അപ്പീൽ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
ഇന്നലെയാണ് വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് തള്ളിയ കോടതി, സംഭവത്തിൽ വീണ്ടും അന്വേഷണം നടത്താനും നിർദേശിച്ചിരുന്നു. ഇതോടെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്നതിന് ഏർപ്പെടുത്തിയിരുന്ന തടസ്സവും നീങ്ങി.
ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്തണം
പത്ത് വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനാണ് ഹൈക്കോടതിയുടെ നിർദേശം. വിധി വന്നതോടെ വിദ്യാർഥികൾക്ക് ക്യാമ്പസിൽ പ്രവേശിക്കാമെന്നും കോടതി വ്യക്തമാക്കി. ആറാഴ്ചയ്ക്കകം പരീക്ഷ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

വിദ്യാർഥികൾക്കായി ആവശ്യമെങ്കിൽ പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്ന് സർവകലാശാല നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പ്രത്യേക പരീക്ഷ നടത്തുന്നതിന് ശിക്ഷാനടപടികൾ തടസ്സമാകരുതെന്നും കോടതി നിരീക്ഷിച്ചു.
16 വിദ്യാർഥികളുടെ സസ്പെൻഷനിലേക്ക് നയിച്ചത് സമരം
സർവകലാശാലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തെത്തുടർന്നാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ വിദ്യാർഥികൾ കോടതിയെ സമീപിക്കുകയായിരുന്നു.
വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ സർവകലാശാല ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. തുടർന്ന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
ഇതിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും ഹൈക്കോടതിയിലെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരിഗണനയിലെത്തിയത്.
